സൗദി: സൗദിയിലെ പ്രവാസി തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത വിദേശ തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വെക്കുക എന്നത് മനുഷ്യക്കച്ചവടത്തിനു തുല്യമാണെന്നാണു സൗദി പബ്ലിക് പ്രോസ്ക്യൂഷന്റെ വിലയിരുത്തൽ.
ഇത്തരത്തിൽ പാസ്പോർട്ട് കൈവശം വെക്കുന്നവർക്ക് 15 വർഷം തടവും 1 മില്ല്യൺ റിയാൽ പിഴയുമാണു ശിക്ഷ.തൊഴിലാളിയെ നിർബന്ധിച്ച് ജോലി ചെയ്യിക്കാനും ഭീഷണിപ്പെടുത്താനും നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും വേണ്ടി ഇത്തരത്തിൽ പാസ്പോർട്ടുകൾ കൈവശം വെക്കുന്നത് മനുഷ്യക്കച്ചവടമെന്ന ക്രിമിനൽ കുറ്റമായാണു പരിഗണിക്കുകയെന്നാണു സൗദി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചത്.
സൗദി അറേബ്യയുടെ തന്നെ മുഖ:ഛായ മാറ്റാൻ പോകുന്ന സുപ്രധാന വിലയിരുത്തലാണു പബ്ലിക് പ്രോസിക്യുഷൻ ഇപ്പോൾ നടത്തിയിട്ടുള്ളത്.തൊഴിലാളികളെ ചൊൽപ്പടിക്ക് നിർത്തുകയെന്ന ഉദ്ദേശത്തോടെ ലക്ഷക്കണക്കിനാളുകളുടെ പാസ്പോർട്ടുകളാണു സ്പോൺസർമ്മാർ അവരുടെ പക്കൽ സൂക്ഷിച്ചിരിക്കുന്നത്.
സൗദി തൊഴിൽ മന്ത്രാലയം ഇങ്ങനെ ചെയ്യുന്നവർക്ക് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ പോലുള്ള ശക്തമായ ശിക്ഷാ നടപടിയും ഭീമൻ പിഴയും പ്രഖ്യാപിച്ച് കൊണ്ടുള്ള മുന്നറിയിപ്പ് ഇതാദ്യമാണു.ഏതായാലും സൗദിയിലെ നിരവധി തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നതിലുപരി മാറുന്ന സൗദിയുടെ പുതിയ മുഖ:ച്ഛായയാണു ഇത് വഴി തെളിഞ്ഞ് കാണുന്നത്.