റിയാദ്: സൗദി അറേബ്യയില്‍ ജോലികള്‍ മാറുന്നതിന് നിരോധനം. ഇഖാമയില്‍ രേഖപ്പെടുത്തിയ ജോലിയില്‍ തന്നെ തുടരാനേ ഇനി സാധിക്കൂ. സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് വിദേശ തൊഴിലാളികള്‍ ജോലികള്‍ മാറുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സ്വകാര്യ മേഖലയില്‍ തദ്ദേശീയരെ കൂടുതല്‍ നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം.മറ്റു ജോലികള്‍ക്കായുള്ള വിസയില്‍ സൗദിയില്‍ എത്തുകയും പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലികള്‍ മാറുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തീരുമാനമാണ് മന്ത്രാലയം ഇന്നലെ സ്വീകരിച്ചത്. ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വിസകളില്‍ സൗദിയിലെത്തിയ ശേഷം മറ്റു തൊഴിലുകള്‍ കണ്ടുപിടിച്ചാണ് പ്രൊഫഷന്‍ മാറ്റിയിരുന്നത്.
നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതിയ വിസയില്‍ എത്തുന്നവര്‍ക്കും ഇത് ബാധകമാകും. ഇഖാമയില്‍ രേഖപ്പടുത്തിയ പ്രൊഫഷനിലല്ലാതെ മറ്റു തൊഴിലുകള്‍ വിദേശികള്‍ ചെയ്യുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഫാമിലി, വിസിറ്റ് വിസകള്‍ ലഭിക്കുന്നതിനായി താല്‍ക്കാലികമായി മറ്റ് പ്രൊഫഷനുകളിലേക്ക് മാറിയവര്‍ക്ക് മുന്‍ പ്രൊഫഷനിലേക്ക് തിരിച്ചുവരാനും ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കില്ല.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വിസകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാത്തതിനാലാണ് അംഗീകൃത പ്രൊഫഷനുകളിലുള്ള വിസയില്‍ റിക്രൂട്ട്‌മെന്റ് നടത്തിയതിനു ശേഷം തൊഴിലാളികള്‍ ജോലികള്‍ മാറുന്ന രീത്ി അനുവര്‍ത്തിച്ചു വന്നിരുന്നത്. ഇങ്ങനെ എത്തിയ ശേഷം എന്‍ജിനീയറിംഗ് പ്രൊഫഷനിലേക്ക് വിദേശികള്‍ മാറുന്നത് അടുത്തിടെ നിരോധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മറ്റു ജോലികളിലുള്ളവര്‍ക്കും പ്രൊഫഷന്‍ മാറുന്നതില്‍ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായത്. സൗദിയില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരില്‍ 85 ശതമാനത്തിലധികവും വിദേശികളാണ്. എന്നാല്‍ മത്സ്യബന്ധനം, കൃഷിത്തൊഴിലുകള്‍, ഇടയ ജോലി എന്നീ മേഖലകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലയിലെ ജോലികള്‍ ചെയ്യുന്നതിന് തദ്ദേശീയരെ ലഭിക്കാത്തതാണ് കാരണം.