സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച സംഭവം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് സംശയം

ജിദ്ദ: സൗദിയില്‍ അല്‍ഹസ നഗരത്തിന് സമീപമുള്ള ജനവാസമില്ലാത്ത സ്ഥലത്താണ് മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞബ്ദുല്ല റിസ്‌വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. തിങ്കളാഴ്ച വൈകീട്ടാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതലേ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല. ദമാമില്‍ നിന്ന് മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകും എന്നാണ് ആദ്യം പൊലീസ് കരുതിയത്. മൃതദേഹം കിടന്ന ഫോട്ടോ അനുസരിച്ച് റിസ്‌വാനയുടെ കഴുത്തറുത്ത നിലയിലാണ്. എന്നാല്‍ ഭര്‍ത്താവ് കുഞ്ഞബ്ദുള്ളയുടെ മൃതദേഹത്തില്‍ പരുക്കുകളോ മറ്റോ കാണാനായിട്ടില്ല. വിവരമറിഞ്ഞു റിയാദില്‍ നിന്ന് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീമിനോട് ബുധനാഴ്ച രാവിലെ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ എത്തിയ മലയാളികള്‍ക്ക് പൊലീസ് മേധാവിയെ കാണാന്‍ കഴിഞ്ഞതുമില്ല. അതേസമയം, റിസ്‌വാനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന കത്തിയില്‍ മറ്റാരുടെയും വിരലടയാളം കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ നൂലാമാലകളൊന്നും ഉണ്ടാകില്ലെന്നും മൃതദേഹങ്ങള്‍ വൈകാതെ വിട്ടുകിട്ടുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നടപടികളെല്ലാം പൂര്‍ത്തികരിച്ചാല്‍ മാത്രം മൃതദേഹങ്ങള്‍ വിട്ടുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് ബന്ധുക്കളും കുഞ്ഞബ്ദുല്ലയുടെ സ്‌പോണ്‍സറും ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും. രണ്ടു കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമെന്നും നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും എല്ലാവരും അത്യധികം ആഘാതത്തിലാണെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് പിതൃസഹോദരന്‍ കരീം അറിയിച്ചു. ഇതിനുള്ള അനുമതി നാട്ടില്‍ നിന്ന് മാതാവ് വാക്കാല്‍ നല്‍കിയിട്ടുണ്ട്. രേഖാപരമായ അനുമതി അടുത്ത ദിവസങ്ങളില്‍ ലഭിക്കും. കുഞ്ഞബ്ദുള്ളയുടെ നല്ല മുഖം എല്ലാവരുടെയും മനസ്സില്‍ അവശേഷിപ്പിക്കാനും നല്ലത് അതാണെന്ന് കരീം പറഞ്ഞു. എന്നാല്‍, റിസ്‌വാനയുടെ മൃതദേഹം സംബന്ധിച്ച് ദുബൈയിലുള്ള അമ്മാവന്‍ ബുധനാഴ്ച അല്‍ഹസ്സയില്‍ എത്തിയ ശേഷമാണ് തീരുമാനമുണ്ടാകുക. ഇവര്‍ക്കിടയിലോ മറ്റുള്ളവരുമായോ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ക്ക് ആര്‍ക്കും അറിവില്ല. മക്കളില്ലാത്തതിനാല്‍ രണ്ടു പേരും നിരാശയിലായിരുന്നു. എങ്കിലും അതൊരു കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കില്ലെന്നാണ് കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീം പറയുന്നത്.

Top