സൗദിയില്‍ നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; ആശങ്കയോടെ മലയാളികളും

റിയാദ്: സ്വദേശിവത്കരണം ശക്തമാക്കുന്നതിനാല്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ വിദേശികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. സൗദിയിലെ നഴ്‌സുമാരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂട്ടത്തോടെ പിരിച്ചുവിടാനാണ് സൗദി സര്‍ക്കാരിന്റെ തീരുമാനം. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളി നഴ്‌സുമാരെയാണ്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന പുതിയ നിയമ ഭേദഗതിയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ പെര്‍മിറ്റ് പുതുക്കി നല്‍കൂ എന്നാണ് പുതിയ നിര്‍ദ്ദേശം. നിതാഖാത് ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നിയമവും. 2005 നു മുമ്പു പരീക്ഷ പാസായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവരെയാണ് ഈ നിയമം ദോഷകരമായി ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. 2005ന് മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കി കഴിഞ്ഞു. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ ജോലി നേടിയത്. ആശങ്ക ചൂണ്ടിക്കാട്ടി മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമാകും മുമ്പ് ഇടപെടണമെന്നാണ് ആവശ്യം.

Top