ബ്രിട്ടന്‍ : സൗദി അറേബ്യന്‍ രാജകുടുംബാംഗം പ്രിന്‍സ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ ലണ്ടന്‍ തെരുവില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ അക്രമിക്ക് കോടതി 1500 പൗണ്ട് പിഴചുമത്തി. 2013 ജൂലെ ഒന്നിനായിരുന്നു നടുക്കുന്ന സംഭവം. സൗദിന് മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. പല്ല് നഷ്ടമായ ആക്രമണത്തില്‍ മുഖപേശികള്‍ക്ക് ചതവുണ്ടായി. സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് കേസ് പരിഗണിച്ചത്. 8 അംഗ സംഘമാണ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ നിരത്തില്‍ വെച്ച് തല്ലിച്ചതച്ചത്. ആക്രമണം നടത്തിയ സംഘത്തില്‍ കുവൈറ്റിലെ കോടീശ്വരപുത്രനും 31 കാരനുമായ സാദ് അല്‍ഫൗദരിയുമുണ്ടായിരുന്നു. സോഹോയില്‍വെച്ചായിരുന്നു സംഭവം. സര്‍ക്കസ് അടക്കം അരങ്ങേറുന്ന സര്‍ക്യൂ ലേ സോയറില്‍ രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു സൗദി രാജകുടുംബാംഗമായ പ്രിന്‍സ് അബ്ദുള്‍ അസീസ് അല്‍ സൗദ്. മൂവരും ഒരു കാര്‍ പിടിക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ സാദ് അല്‍ഫൗദരിയുടെ നേതൃത്വത്തിലുള്ള സംഘം ഒരു നൈറ്റ്ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ രാജകുമാരന് നേരെ ആക്രമണം അഴിച്ചുവിട്ടു. രാജകുടുംബാംഗത്തെ നിരത്തില്‍ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മുഖത്ത് പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. എന്നാല്‍ നഗരത്തിലെ സിസിടിവിയില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സൗദ് അല്‍ഫൗദരി പിന്നീട് കുറ്റം സമ്മതിക്കുകയുമായിരുന്നു.
ലണ്ടന്‍ തെരുവില്‍ സൗദി രാജകുമാരന് നേരെയുണ്ടായത് ക്രൂരമര്‍ദ്ദനം; ആക്രമണത്തില്‍ മുഖം തകര്‍ന്നു
Tags: saudi prince