സൗദി അറേബ്യ: വനിതകള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം അനുവദിക്കുമെന്ന് സൗദി അധികൃതര്‍. ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാറുകളും ട്രക്കുകളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് അനുവദിക്കാന്‍ സൗദി നേരത്തേ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ട്രാഫിക് പൊലീസിലേക്ക് വനിതകളെ നിയമിക്കുന്നത്. അടുത്ത ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക. വനിതാ ട്രാഫിക് പൊലീസ് സേനയുടെ രൂപീകരണം ഇപ്പോള്‍ ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്. സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ലൈസന്‍സ് ഉള്ളവരായിരിക്കും പുതുതായി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ അധ്യാപകരായുണ്ടാവുക. നിലവില്‍ പാസ്‌പോര്‍ട്ട് വകുപ്പ്, സുരക്ഷാവിഭാഗം, ജയില്‍വകുപ്പ് എന്നിവയിലടക്കം വനിതാ പ്രാതിനിധ്യമുണ്ട്. ഇതിന് പുറമെയാണ് ട്രാഫിക് രംഗത്തുകൂടി നിയമനം നല്‍കുന്നത്.