ജെദ്ദ : ഫുട്‌ബോള്‍ മത്സരം കാണാന്‍ ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം.വെള്ളിയാഴ്ചയാണ് രാജ്യം പുതു ചരിത്രമെഴുതിയത്.സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കാണുന്നതിലുള്ള നിരോധനം സൗദി ഭരണകൂടം നീക്കിയതോടെ വനിതകള്‍ക്ക് മത്സരം വീക്ഷിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു. ജെദ്ദയിലെ പേള്‍ സ്റ്റേഡിയത്തില്‍ സൗദി പ്രീമിയര്‍ ലീഗ് മത്സരത്തിനാണ് സ്ത്രീകള്‍ സാക്ഷിയായത്. അല്‍ അഹ്‌ലി ക്ലബ്ബും അല്‍ ബാറ്റിന്‍ ക്ലബ്ബും തമ്മിലായിരുന്നു പോരാട്ടം. പരമ്പരാഗത വേഷമായ കറുത്ത അബായയിലാണ് സ്ത്രീകള്‍ എത്തിയത്. ചിലര്‍ സണ്‍ഗ്ലാസ് ധരിച്ചും അണിനിരന്നു. ഒറ്റയ്ക്കും കുടുംബത്തോടൊപ്പവുമെല്ലാം സ്ത്രീകള്‍ എത്തി. മുന്‍കൂട്ടി ബുക്ക് ചെയ്താണ് മിക്കവരും മത്സരം വീക്ഷിച്ചത്. അതേസമയം സ്റ്റേഡിയത്തില്‍ പുരുഷന്‍മാരെയും സ്ത്രീകളെയും വേര്‍തിരിക്കാന്‍ ഗ്ലാസ് പാനലുകളുണ്ടായിരുന്നു. ശനിയാഴ്ചയും വ്യാഴാഴ്ചയും അരങ്ങേറുന്ന മത്സരങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കും. അതേസമയം ടീമുകളുടെ ജഴ്‌സിയുടെ നിറത്തിലുള്ള അബായകള്‍ പുറത്തിറക്കാന്‍ ചില ക്ലബ്ബുകള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഭിമാന മുഹൂര്‍ത്തമാണിതെന്ന് നിരവധി സ്ത്രീകള്‍ പ്രതികരിച്ചു. കുടുംബിനികളും യുവതികളും കുട്ടികളുമെല്ലാം മത്സരം വീക്ഷിക്കാനെത്തിയിരുന്നു. ശ്രദ്ധേയമായ സാമൂഹ്യ പരിഷ്‌കരണ നടപടികളാണ് സൗദി നടപ്പിലാക്കി വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനുള്ള നിരോധനവും നീക്കിയിട്ടുണ്ട്.