പ്രവാസി മലയാളികളുടെ ആശ്രയ കേന്ദ്രമായ സൗദി അറേബ്യ തകരുന്നു. സാമ്പത്തിക രംഗത്ത് പ്രകടമായിരുന്ന തളര്‍ച്ച കൂടുതല്‍ ശക്തമായി. തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചപ്പോള്‍ സമ്പദ്‌വ്യവസ്ഥ ഇടിയുന്നുവെന്ന കണക്കുകളാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.
തൊഴിലില്ലാത്തവര്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിപ്പോള്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030 പ്രഖ്യാപിച്ചതിന് ശേഷം സൗദി കൂടുതല്‍ തകര്‍ച്ച നേരിട്ടുവെന്നാണ് കണക്കുകളില്‍ നിന്നു ലഭിക്കുന്ന സൂചന. സൈനിക രംഗത്തും സൗദി അറേബ്യ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സുരക്ഷ പരുങ്ങലിലാണ്. മേഖലയിലെ സൗദിയുടെ മേധാവിത്വം ഇല്ലാതാകുന്ന കാഴ്ചയാണിപ്പോള്‍. സൗദി തകരുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സൗദി അറേബ്യയുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇതിന്റെ പകുതിയായിരുന്നു.
എണ്ണ വിലയില്‍ കുറവ് വന്നതോടെയാണ് സൗദിയുടെ സാമ്പത്തിക രംഗം തളരാന്‍ തുടങ്ങിയത്. പിന്നീട് എണ്ണ ഇതര മേഖലയെ ലക്ഷ്യമിട്ട് സൗദി നീക്കങ്ങള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ സൗദി അറേബ്യ നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.
സൗദിയില്‍ ഇപ്പോള്‍ ജോലി തേടുന്നവരുടെ എണ്ണം 906552 ആണ്. ഇതില്‍ 219000 പുരുഷവന്‍മാരും ബാക്കി സ്ത്രീകളുമാണ്. പുരുഷന്‍മാരുടെ മൂന്നിരട്ടി സ്ത്രീകളാണ് സൗദിയില്‍ ജോലി തേടുന്നത്.
2030 ആകുമ്പോഴേക്കും രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏഴ് ശതമാനമാക്കി കുറയ്ക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി. എന്നാല്‍ ഈ ലക്ഷ്യത്തിന് കനത്ത തിരിച്ചടിയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍.
സൗദിയിലെ സ്വകാര്യമേഖല പൂര്‍ണമായും തകര്‍ന്ന മട്ടാണ്. സൗദി ഭരണകൂടം ചെലവ് ചുരുക്കിയത് സ്വകാര്യ മേഖലയെ കാര്യമായും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരവധി സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയില്‍ 433000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വിദേശികളാണ് എത്തിയത്. എന്നാല്‍ സൗദിക്കാര്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന് അബൂദാബി കൊമേഷ്യല്‍ ബാങ്കിലെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ മോണിക്ക മാലിക് പറഞ്ഞു.