ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം .ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിയിക്കാൻ ശ്രമിച്ചതെന്നും കോടതി ചോദിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിലാണ് ജാമ്യം. ഇരു കേസുകളിൽ 10 ലക്ഷം വീതം ജാമ്യത്തുക കെട്ടിവെയ്ക്കണം. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്പോർട്ടും വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസിൽ കഴിഞ്ഞ അഞ്ച് മാസമായി കവിത ജയിലിൽ കഴിയുകയാണെന്നും വിചാരണ ഉടൻ പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. നിയമം സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന് പറഞ്ഞ കോടതി കവിതയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ചു.
ജുലൈയിൽ ജാമ്യത്തിനായി കവിത ഡൽഹി ഹൈക്കോടതിയെ സമീച്ചിരുന്നു. മുകുൾ റോത്തഗിയായിരുന്നു കവിതക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. സ്ത്രീകൾക്ക് ജാമ്യം അനുവദിക്കുന്നത് സാധാരണ രീതിയാണെന്നും കഴിഞ്ഞ അഞ്ച് മാസമായി കവിത ജയിലിൽ തുടരുകയാണെന്നും റോത്തഗി വാദിച്ചു. ഡൽഹി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് കൈക്കൂലി നൽകിയെന്ന് ആരോപിക്കപ്പെടുന്ന 100 കോടി രൂപ ഫെഡറൽ ഏജൻസികൾക്ക് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ പ്രധദൃഷ്ടാ കവിത പ്രതിയാണെന്നും അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു.
മാർച്ച് 15 നാണ് ഹൈദരാബാഗിലെ ബഞ്ചാര ഹിൽസിലുള്ള വസതിയിൽ നിന്ന് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യകമ്പനിക്ക് പങ്കുണ്ടെന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയും നേരത്തേ അറസ്റ്റിലായിരുന്നു.