ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിത കാലത്തേയ്ക്ക് നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കേസില്‍ അന്തിമവിധി വരുംവരെയാണ് സമയപരിധി നീട്ടിയിട്ടുള്ളത്
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. നേരത്തെ മാര്‍ച്ച് 31വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്.
സസബ്‌സിഡി ഒഴികെയുള്ള സേവനങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ കൂടി അടങ്ങിയ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത കോടതി പരിശോധിക്കുന്നതിന് മുന്‍പ് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കുന്നത് തടയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആധാറിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നായിരുന്നു സുപ്രീം കോടതി നീട്ടി നല്‍കിയത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ച് ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് 31നകം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അന്തിമവിധി വരുന്നത് വരെ സമയം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്.