നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തിരിമറി; കണ്ടെത്തിയ ലേബര്‍ കമ്മീഷണര്‍ക്ക് കസേരപോയി; 110 കോടിയുടെ തിരിമറി ആറ് ജില്ലകളില്‍

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തിരിമറി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതിനാണ് തിരിമറി നടന്നിരിക്കുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 110 കോടി രൂപയുടെ തിരിമറി നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പരിശോധന തുടരുന്നതിന് ഇതോടെ തടവീണിരിക്കുകയാണ്.

ക്ഷേമനിധിയിലെ ഒരംഗത്തിന് തന്നെ പല ബാങ്ക് അക്കൗണ്ടുകളിലായി പെന്‍ഷനും ആനുകൂല്യങ്ങളും ഒന്നിലധികം തവണ നല്‍കിയായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷം പേരാണ് ക്ഷേമനിധിയില്‍ പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. 1100 രൂപയാണ് പെന്‍ഷന്‍. പലര്‍ക്കും ഇതിന്റെ പല ഇരട്ടിത്തുക അനുവദിച്ച ശേഷം അതിന്റെ വിഹിതം ഇടനിലക്കാര്‍ കൈപ്പറ്റുകയായിരുന്നു. ബാങ്കുകള്‍ക്ക് പുറമെ, മണിയോര്‍ഡറായും തുക നല്‍കി. ക്ഷേമനിധി ബോര്‍ഡില്‍ 90 ശതമാനവും കരാര്‍ ജീവനക്കാരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്, 2013 മുതലാണ് നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തിരിമറി ആരംഭിച്ചത് . ഇതേപ്പറ്റി വ്യാപകമായ പരാതി ഉയര്‍ന്നതോടെ അന്വേഷണം തുടങ്ങിയത് ഈ സര്‍ക്കാരിന്റെ കാലത്തും. സമഗ്രമായ അന്വേഷണത്തിന് ലേബര്‍ കമ്മിഷണര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, ലേബര്‍ കമ്മിഷണറെ കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലേക്ക് മാറ്റി. അതോടെ, അന്വേഷണം തകിടം മറിയുമെന്ന ആശങ്ക ഉയരുന്നു. ഇടനിലക്കാര്‍ വീണ്ടും തലപൊക്കുമെന്നും.

മുമ്പ് ചെക്ക് മുഖേന നല്‍കി വന്ന പെന്‍ഷന്റെയും മറ്റാനുകൂല്യങ്ങളുടെയും വിഹിതം ഇടനിലക്കാര്‍ കൈപ്പറ്റുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബാങ്ക് വഴിയാക്കിയത്. എന്നാല്‍, ആദ്യത്തേതിനെ വെല്ലുന്ന രീതിയിലായി തുടര്‍ന്നുള്ള തട്ടിപ്പ്. അധികം കൈപ്പറ്റിയ തുക പെന്‍ഷന്‍കാരില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടെങ്കിലും, നടപ്പിലാക്കാന്‍ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ ശുഷ്‌കാന്തി കാട്ടിയില്ലെന്നും ആരോപണമുണ്ട്. ചീഫ് ഓഫീസ് വഴിയായിരുന്നു പെന്‍ഷനും ആനുകൂല്യങ്ങളും നേരത്തേ നല്‍കിയിരുന്നത്. ഇതിനെ വികേന്ദ്രീകരിച്ച് ജില്ലാ ഓഫീസുകള്‍ വഴിയാക്കിയതും തിരിമറിക്ക് ആക്കം കൂട്ടി.

ജില്ലാ ഓഫീസുകളും ചീഫ് ഓഫീസുമായുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം വഴിയേ കുറ്റമറ്റ രീതിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാവൂ എന്ന് ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി, തൊഴിലും നൈപുണ്യവും അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയെങ്കിലും നടപടിയായില്ല. കെല്‍ട്രോണ്‍ രൂപകല്പന ചെയ്ത സോഫ്റ്റ്‌വെയറിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള പ്രൊപ്പോസലും സര്‍ക്കാരിന്റെ ചുവപ്പ് നാടയിലാണ്.

Top