മലപ്പുറം ∙ ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന പ്രചാരണമുണ്ടായതോടെ കേരളത്തിലും ജാഗ്രതാ നിർദേശം. മലപ്പുറത്ത് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് 446 പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് 1,175 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 585 കരുതൽ യന്ത്രങ്ങളുമുണ്ട്. യന്ത്രങ്ങൾ പരിശോധിക്കാൻ മുൻവർഷത്തേക്കാൾ കൂടുതൽ എൻജിനീയർമാർ മലപ്പുറത്തെത്തിയിട്ടുണ്ട്. നേരത്തെ ഒരു തവണ മാത്രമായിരുന്നു പരിശോധനയെങ്കിൽ ഇത്തവണ രണ്ടുപ്രാവശ്യം നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും വിതരണം ചെയ്യുന്നവയിൽ പത്തു ശതമാനം യന്ത്രങ്ങളെങ്കിലും മോക്പോൾ (പരീക്ഷണവോട്ടെടുപ്പ്) നടത്തി പരിശോധിക്കമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
ഉപയോഗിക്കുന്ന യന്ത്രങ്ങൾ
ആകെയന്ത്രങ്ങൾ – 1175
കരുതൽ യന്ത്രങ്ങൾ – 585
കൊണ്ടോട്ടി – 169 (കരുതൽയന്ത്രം-84)
വള്ളിക്കുന്ന് – 163 (81)
വേങ്ങര – 148 (74)
മലപ്പുറം – 177 (88)
മങ്കട – 172 (86)
പെരിന്തൽമണ്ണ – 177 (88)
മഞ്ചേരി – 169 (84)
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാർ സംഭവിച്ചത് വലിയ വിവാദമായിരുന്നു. കൊല്ലം ജില്ലയിൽ ആറു പോളിങ് സ്റ്റേഷനിലും തൃശൂർ ജില്ലയിലെ 83 പോളിങ് സ്റ്റേഷനിലും മലപ്പുറം ജില്ലയിലെ 446 പോളിങ് സ്റ്റേഷനിലും കണ്ണൂർ ജില്ലയിലെ എട്ടു പോളിങ് സ്റ്റേഷനിലും കാസർഗോഡ് ഒരു സ്റ്റേഷനിലും വോട്ടിങ് യന്ത്രത്തിലെ തകരാർമൂലം ഒരു മണിക്കൂറിലധികം വോട്ടിങ് തടസപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള, ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്നാണ് വോട്ടിങ് യന്ത്രങ്ങൾ വാങ്ങിയത്. 37,551 യന്ത്രങ്ങൾക്ക് 95 കോടി രൂപയാണ് ചെലവായത്.