പഞ്ചമി പഠിക്കാനെത്തിയ കാരണത്താല്‍ തീവയ്ക്കപ്പെട്ട സ്‌കൂളില്‍ പ്രവേശനോത്സവം; പഞ്ചമിയുടെ ഇളമുറക്കാരിക്കായി സ്‌കൂള്‍ ഒരുങ്ങി

തിരുവനന്തപുരം: മൂന്ന് ലക്ഷം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേയ്ക്ക് അക്ഷര മധുരം നുണയാന്‍ പുതുതായി എത്തുന്നത്. സര്‍ക്കാരിന്റെ പ്രവേശനോത്സവത്തിനു ഇത്തവണ പ്രത്യേകതകള്‍ ഏറെ. ഒരു നൂറ്റാണ്ട് മുന്‍പ് പഞ്ചമിയെന്ന ദലിത് പെണ്‍കുട്ടിക്ക് അക്ഷരം നിഷേധിച്ച പള്ളികൂടം. അതേ സ്‌കൂളില്‍ പഞ്ചമിയുടെ അഞ്ചാം തലമുറയിലെ ആതിര ഇന്ന് ആദ്യക്ഷരം കുറിക്കാനെത്തും. ആ യാദൃശ്ചികതയുടെ ആവേശത്തിലാണ് ആതിരയും കുടുംബവും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോല്‍സവ ഉദ്ഘാടന വേദിയായ ഊരുട്ടമ്പലം യുപി സ്‌കൂളിലാണു പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പെട്ട ആതിര പഠിതാവായി ഇന്ന് എത്തുന്നത്. തിരുവിതാംകൂറിലെ ആദ്യ വിദ്യാഭ്യാസ സംരക്ഷണ സമരമെന്നു ചരിത്രത്തിലിടം നേടിയ കണ്ടല ലഹളയ്ക്കു തിരികൊളുത്തിയതു പഞ്ചമിയെന്ന ദലിത് പെണ്‍കുട്ടിക്ക് അക്ഷരം നിഷേധിച്ചതാണ്.

ഊരുട്ടമ്പലം പിരിയാകോട് സ്വദേശി പൂജാരി അയ്യന്‍ – സീത ദമ്പതികളുടെ മകള്‍ പഞ്ചമിയെ സ്‌കൂളിലെത്തിച്ചത് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ലായിരുന്നു. പക്ഷേ, പഞ്ചമിക്കു മറ്റ് കുട്ടികള്‍ക്കൊപ്പം പഠനം നിഷേധിച്ചു. പഞ്ചമിയുടെ പഠനം സ്‌കൂളിനു പുറത്തെ ഓലപ്പുരയിലാക്കി സ്‌കൂള്‍ അധികൃതര്‍. ഇതു വന്‍ പ്രതിഷേധത്തിനു കാരണമായി. പ്രതിഷേധത്തില്‍ അന്നത്തെ നായര്‍ മാടമ്പിമാര്‍ സ്‌കൂള്‍ അഗ്‌നിക്കിരയായി. തീവ്രമായ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടമായി പഞ്ചമിയുടെ പഠനവും തുടര്‍ പ്രക്ഷോഭങ്ങളും മാറിയതോടെ, കണ്ടല കുടിപ്പള്ളികൂടമെന്ന് അന്നറിയപ്പെട്ട ഇന്നത്തെ ഊരുട്ടമ്പലം സ്‌കൂള്‍ ചരിത്ര താളുകളില്‍ ഇടം പിടിച്ചു. തിയിട്ട സ്‌കൂളെന്നായിരുന്നു പിന്നീട് ഈ വിദ്യാലയം അറിയപ്പെട്ടത്. ദലിതര്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കാന്‍ പാങ്ങോട് പട്ടാള ക്യാമ്പില്‍ നിന്നുള്‍പ്പെടെ ഉള്ളവരെ കാവലിനായി നിയോഗിച്ചിരുന്നു എന്നത് കേരളത്തിന്റെ ചരിത്രത്തിലെ വ്യത്തികെട്ട ഭാഗവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പെട്ട ആതിരയാണ് ഒന്നാം ക്ലാസ് പഠനത്തിന് ഇന്ന് ഇവിടെയെത്തുന്നത്. പഞ്ചമിക്ക് അക്ഷരം നിഷേധിച്ച പള്ളികൂടത്തില്‍ നൂറ്റാണ്ടിനുശേഷം ആതിരയെത്തുമ്പോള്‍, പഞ്ചമിയുടെ പേരില്‍ അഗ്‌നിക്കിരയായ പള്ളികൂടത്തിന്റെ തിരുശേഷിപ്പായി പാതി തീകത്തിയ ബഞ്ച് സ്‌കൂളിലെ ചരിത്ര മ്യൂസിയത്തില്‍ ആതിരയ്ക്കു മുന്നിലുണ്ടാകും.

ആതിരയെ സ്‌കൂളിലേക്കു ക്ഷണിക്കാന്‍ സ്ഥലം എംഎല്‍എ ഐ.ബി.സതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ ഉള്‍പ്പെടെയുള്ളവര്‍ ആതിരയുടെ വീട്ടിലെത്തിയിരുന്നു.പഞ്ചമിയുടെ സഹോദരി സീതമ്മയുടെ മകള്‍ മാധവി. മാധവിയുടെ മകന്‍ ജോണ്‍സന്റെ മകള്‍ ദീപ്തിയാണ് ആതിരയുടെ അമ്മ. ഇന്നു രാവിലെ ഒന്‍പതിനു മന്ത്രി സി.രവീന്ദ്രനാഥ് ആതിരയുള്‍പ്പെടുന്ന ഒന്നാം ക്ലാസിലെ പുതിയ കുട്ടികള്‍കളെ കഥപറഞ്ഞു വരവേല്‍ക്കും.

ഒന്‍പതരയോടെ പ്രവേശനോല്‍സവ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഈ കുരുന്നുകള്‍ മന്ത്രിക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം സ്വീകരിക്കും. ചിത്രങ്ങള്‍ വരച്ചു മോടികൂട്ടിയ ചുമരുകള്‍ക്കുള്ളിലെ ക്ലാസ് മുറിയില്‍ വര്‍ണ പെയിന്റുകള്‍ പൂശിയ പുത്തന്‍ ബഞ്ചും ഡസ്‌കുമൊക്കെ പുതിയ കൂട്ടുകാര്‍ക്കായി ഒരുക്കി. ചരിത്രമുറങ്ങുന്ന പള്ളികൂടത്തിലെ പ്രവേശനോല്‍സവ ഉദ്ഘാടനം ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണു സംഘാടകര്‍.

Top