കൊച്ചി:സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു മരിച്ച ട്രിനിറ്റി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഗൗരി നേഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പോലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ. രക്തസമ്മർദം കുറവായതിനാലാണ് മറ്റ് ആശുപത്രി നിർദേശിക്കാതിരുന്നതെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നാലു മണിക്കൂറോളം ഗൗരി വിദഗ്ധ ചികിത്സ ലഭിക്കാതെ കിടന്നു. വിശദമായ സ്‌കാനിങ് പോലും നടത്തിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഗൗരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ് എന്നകാര്യം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു. പിന്നീട് ഇവിടെ നിന്നും ഗൗരിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂളിലെ എല്‍പി ബ്ലോക്കിന് മുകളില്‍ നിന്നും ചാടി ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അധ്യാപകരുടെ മാനസീക പീഡനത്തില്‍ മാനസീകമായി തളര്‍ന്നതിനെ തുടര്‍ന്നാണ് ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.