
വീട്ടിലും തൊടിയിലും സിംഹവും പുലിയും കളിച്ചു നടന്ന അവധിക്കാലം തീര്‍ന്നു. ഇനി ക്ലാസ് മുറിയുടെ വര്‍ണച്ചുമരുകള്‍ക്കുള്ളില്‍ കളിയും ചിരിയും. പുതിയൊരു അധ്യയന വര്‍ഷത്തിന് മണിമുഴങ്ങുമ്പോള്‍ കുരുന്നുകളെ കാത്ത് വിദ്യാലയ മുറ്റങ്ങളും ഒരുങ്ങിക്കിയിരിക്കുകയാണ്. ഇത്തവണ മൂന്നുലക്ഷം കുരുന്നുകളാണ് അക്ഷരമുറ്റത്തെത്തുന്നത്.
‘ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരമുറ്റത്തെത്തുവാന് മോഹം’.. സ്കൂള്‍ തുറന്നെന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ മനസില്‍ ഒഎന്‍വിയുടെ ഈ കവിതയാകാം ഓടിയെത്തുന്നത്. ഒന്നു മുതല്‍ പത്ത് വരെയുള്ള വിദ്യാഭ്യാസ കാലഘട്ടം എല്ലാവര്ക്കും ഓര്‍ക്കാന്‍ പറ്റിയ നല്ലൊരു ഓര്മയാകാം. കരഞ്ഞും വാശിപിടിച്ചും അമ്മയുടെ സാരിതുമ്പ് പിടിച്ച് സ്കൂളില്‍ പോകാന്‍ മടിക്കുന്ന വിരുതന്മാര് ഇപ്പോഴുമുണ്ട.
പുതുതായി എത്തുന്ന കുട്ടികളെ മധുരം നല്‍കിയും വിസ്മയക്കാഴ്ചകള്‍ ഒരുക്കിയുമാണ് സ്കൂളുകള്‍ വരവേല്‍ക്കുന്നത്. ഇതിനായി വിപുലമായും വര്ണാഭമായും സ്കൂളുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഗാനങ്ങള്‍ ആലപിച്ചും സ്നേഹ സമ്മാനങ്ങള്‍ നല്‍കിയുമാണ് മുതിര്‍ന്ന കുട്ടികള്‍ ഇവരെ വരവേല്‍ക്കുന്നത്. സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്ന പ്രവണതയ്ക്ക് കഴിഞ്ഞ തവണ മാറ്റം വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 2.89 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. 2014-ല്‍ ഇത് 2.94 ലക്ഷമായിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകം ഈ വര്‍ഷം മാറുന്നുണ്ട്. ഇവ അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിനുള്ള തയാറെടുപ്പിലാണ്. ജൂണ്‍ 15നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് കെബിപിഎസ്. വ്യക്തമാക്കി.