ഡല്‍ഹി: ജീവവായുമിന്റെ വില മനസ്സിലാക്കാന്‍ കുട്ടികളോട് പൂച്ചയെ വായുകടക്കാത്ത പെട്ടിയില്‍ അടച്ച് നോക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹിയിലെ നാലാം ക്ലാസ്സ് പാഠപുസ്തകം. പുസ്തകത്തിലെ പരീക്ഷണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസാധകര്‍ പുസ്തകം അച്ചടിക്കുന്നത് നിര്‍ത്തിവെച്ചു.
ഡല്‍ഹിയിലെ നാലാം ക്ലാസ്സ് കുട്ടികള്‍ പഠിക്കുന്ന പുസ്തകത്തിലാണ് വിവാദ പാഠഭാഗമുള്ളത്. വായുവില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കുട്ടികളെ പഠിപ്പിക്കുന്നതാണ് പാഠഭാഗം. പക്ഷെ ഇത് നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ പൂച്ചക്കുട്ടിയെ വായു കടക്കാത്ത പെട്ടിക്കുള്ളില്‍ അടച്ച് കൊല്ലാനുള്ള നിര്‍ദേശമാണ് പുസ്തകം നല്‍കുന്നത്. കുട്ടികളോട് വീട്ടില്‍ പോയി ചെയ്ത് നോക്കാന്‍ പറയുന്ന പരീക്ഷണത്തിന്റെ വിവരണം ഇങ്ങനെ: ‘ജീവനുള്ള ഒന്നിനും വായുവില്ലാതെ അധിക സമയം ജീവിക്കാന്‍ കഴിയില്ല. അതിനായി നിങ്ങള്‍ക്ക് ഒരു പരീക്ഷണം നടത്താം. രണ്ട് മര പെട്ടിക്കുള്ളില്‍ ഓരോ പൂച്ചക്കുട്ടിയെ വീതം ഇട്ട് അടച്ചു വെക്കുക.. ഇതില്‍ ഒരു പെട്ടിക്ക് വായു കടക്കാവുന്ന രണ്ട് ദ്വാരമിടുക. അല്‍പ സമയം കഴിഞ്ഞ് രണ്ട് പെട്ടികളും തുറന്നു നോക്കിയാല്‍ വായുകടക്കാത്ത ദ്വാരമില്ലാത്ത പെട്ടിക്കുള്ളിലെ പൂച്ചക്കുട്ടി ചത്തതായി കാണാം’.
പൂച്ചക്കുട്ടിയുടെ ജീവന്‍ അപകടത്തിലാകുന്ന വിധം കുട്ടികളെ പരീക്ഷണം നടത്താന്‍ പ്രേരിപ്പിക്കുന്ന പാഠ ഭാഗം ഒരു രക്ഷിതാവിന്റെ ശ്രദ്ധയില്‍ പെട്ടതിനെ ത്തുടര്‍ന്നാണ് വിവാദമാകുന്നത്. വിഷയത്തിലിടപെടാന്‍ ആവശ്യപ്പെട്ട് മൃഗസംരംക്ഷണ സംഘടനയ്ക്കും രക്ഷിതാക്കള്‍ പരാതി കൊടുത്തു. പ്രകൃതി ശാസ്ത്രം പഠിപ്പിക്കുന്ന പുസ്തകത്തിന്റെ പേര് ‘അവര്‍ ഗ്രീന്‍ വേള്‍ഡ്’ എന്നാണ്. പി പി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
രക്ഷിതാവിന്റെ പരാതിയില്‍ വിഷയം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ വിതരണവും അച്ചടിയും നിര്‍ത്തി വെച്ചെന്ന് പ്രസാധകര്‍ അറിയിച്ചു. പരിഷ്‌കരിച്ച പുതിയ പതിപ്പ് അടുത്ത വര്‍ഷമിറക്കുമെന്നും അവര്‍ പറഞ്ഞു. പക്ഷെ ഇപ്പോഴും പല സ്‌കൂളുകളിലും ഈ പുസ്തകമാണ് ഇപ്പോഴും കുട്ടികള്‍ ഉപയോഗിക്കുന്നത്.