തിരുവനന്തപുരം :രാവിലെ മുതല്‍ വൈകിട്ട് വരെ പഠനമെന്ന സംവിധാനത്തിന് മാറ്റം വരുത്താന്‍ തീരുമാനം. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നില്‍. ഒന്ന് രാവിലെ 8.30 ന് തുടങ്ങി 1.30 വരെ അഞ്ച് മണിക്കൂര്‍ ഇടതടവില്ലാതെ പഠനം. രണ്ട് രാവിലെ 9 ന് തുടങ്ങി 12 ന് ഒരു മണിക്കൂര്‍ ഇന്റര്‍വെല്‍ നല്‍കി 3 ന് അവസാനിക്കുന്ന രീതി. ഇതില്‍ ഏത് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അദ്ധ്യാപകര്‍ ഉള്‍പ്പെട്ട ഗുണനിലവാരം ഉയര്‍ത്തല്‍ കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
പഠനം നേരത്തെയാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാറ്റം. സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ രാവിലെ ക്‌ളാസുകള്‍ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയാണ്. ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കൂടുതല്‍ സമയം കിട്ടുമെന്നതാണ് മറ്റൊരു സവിശേഷത. രാവിലെയുളള പഠനം കൂടുതല്‍ കാര്യക്ഷമമാണെന്നതും ഇതിന് ബലം കൂട്ടുന്നു.
ഹയര്‍ സെക്കണ്ടറിയുളള സ്‌കൂളുകളില്‍ ക്‌ളാസുകള്‍ 9 ന് തുടങ്ങുകയും അതേ സ്‌കൂളുകളിലെ പത്താം ക്‌ളാസ് വരെയുള്ളവ 10 മണിക്കും ആരംഭിക്കുന്ന രീതിയാണ് നിലവില്‍. ഇത് ഒരു സ്‌കൂളില്‍ രണ്ട് രീതിയിലുളള പ്രവര്‍ത്തനം നടന്നുവരുന്നത് പഠനത്തിന് തടസമായിട്ടുണ്ട്. രണ്ട് പ്രാര്‍ത്ഥന രണ്ട് സമയങ്ങളില്‍ നടക്കുന്നതും പഠനത്തിന് തടസമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവൃത്തി സമയം ഏകീകരിക്കുന്നത്.