സ്വന്തം ലേഖകൻ
അലപ്പോ: നാലു വയസുമാത്രമാണ് ഇവർക്കു പ്രായം, പക്ഷേ, ബോബിന്റെയും വെടിക്കോപ്പുകളുടെയും കാതടപ്പിക്കുന്ന ശബ്ദം ഇനി ഇവർ എവിടെക്കേട്ടാലും തിരിച്ചറിയും. ഏതുനിമിഷവും കുതിച്ചത്താവുന്ന ആയുധ ധാരികളായ സംഘത്തിന്റെ നടുവിലാണ് ഇവരുടെ ജീവിതം. ജീവനും സ്വത്തിനും, എന്തിനു സ്‌കൂളിനു പോലും ഇവർക്കു സുരക്ഷയില്ല. ഐഎസ് തീവ്രവാദികളുടെ പിടിയിലായ സിറിയയിലെ യുദ്ധ ഭൂമിയിലെ സ്‌കൂളിന്റെ അവസ്ഥയാണ് ഇവിടെ കാണുന്നത്.
ഓരോ ദിവസവും ഇവർ സ്‌കൂളിലെത്തുന്നത് സ്‌കൂൾ അവിടെ തന്നെ കാണേണമേ എന്ന പ്രാർഥനയോടെയാണ്. സിറിയയിലെ അലപ്പോയിലെ സ്‌കൂളിലെ അധ്യാപകനായ അബു ബസ്സാം വിദേശ മാധ്യമങ്ങൾക്കു സ്‌കൈപ്പിലൂടെ നൽകിയ അഭിമുഖത്തിലാണ് സിറിയയിൽ തകർന്ന സ്‌കൂളുകളുടെ നടുക്കുന്ന ചിത്രങ്ങൾ പുറത്തു വന്നത്. അബു ബസാം പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളെയുമായി അദ്ദേഹത്തിനു മൂന്നു വർഷത്തിനിടെ മൂന്നു തവണയാണ് പുതിയ താവളം തേടി പോകേണ്ടി വന്നത്.
ഇത്തരത്തിൽ അലപ്പോയിൽ മാത്രമുള്ള 150 സ്‌കൂളുകളാണ് ബോംബ് ആക്രമണത്തിൽ തകർന്നിരിക്കുന്നത്. 350,000 കുട്ടികളാണ് സൈനികരും – ഐഎസും തമ്മിൽ നടക്കുന്ന യുദ്ധത്തെ തുടർന്നു സിറിയയിലും അലോപ്പോയിലുമായി സ്‌കൂളിൽ പോലും പോകാനാവാതെ കഴിച്ചു കൂട്ടുന്നത്. അലോപ്പോയിലെ സുൽത്താനേറ്റ് സ്‌കൂളിനു നേർക്കു കഴിഞ്ഞ ദിവസം ഐഎസിന്റെ ആക്രമണം ഉണ്ടായിരുന്നു. 130 ലേറെ വിദ്യാർഥികൾ പടിക്കുന്ന സ്‌കൂൾ ഐഎസ് നിർദേശിച്ച സമയത്തിനു ശേഷവും പ്രവർത്തിച്ചു എന്നു കാട്ടിയാണ് നാമാവിശേഷമാക്കിമാറ്റിയത്.