ഇപ്പോഴുള്ളതിനെക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചു. നെതര്‍ലന്‍ഡിലെ ഗവേഷകരാണ് പുതിയ സംവിധാനം പികസിപ്പിച്ചിരിക്കുന്നത്. ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വൈഫൈ സംവിധാനവുമായി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനാകും. മാത്രമല്ല വേഗതയില്‍ കുറവും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ സവിഷേഷത.
ഇന്‍ഡോഫിന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പുതിയ വൈഫൈ സംവിധാനം കണ്ടുപിടിച്ചത്. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണ് ഗവേഷകര്‍ ഇതിന് അവകാശപ്പെടുന്നത്. മാത്രമല്ല ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗതയും ഡേറ്റയും ലഭിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
വളരെ കുറഞ്ഞ ചിലവില്‍ ഇത് സ്ഥാപിക്കാമെന്നും ഇവര്‍ പറയുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ അടങ്ങുന്നതാണ് സംവിധാനം. ഈ ലൈറ്റ് ആന്റിനകള്‍ സീലിങ്ങില്‍ ഉറപ്പിക്കാം. ഇതില്‍ നിന്ന് വിവിധ തരംഗ ദൈര്‍ഘ്യത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറത്തേക്ക് വരും. ഓരോ കോണിലേക്കും എത്തുന്ന വികിരണത്തിന്റെ തരംഗ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടായിരിക്കും. അതിനാല്‍ നിലവിലുള്ളതിനേക്കാള്‍ കുടുതല്‍ ദൂരത്തില്‍ വൈഫൈ എത്തിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും.
എന്നാല്‍ ഇത് ഇന്‍ഫ്രാറെഡ് കിരണങ്ങളായതിനാല്‍ ഇതിന്റെ പരിധിയിലുള്ളവരുടെ കണ്ണുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. മാത്രമല്ല മറ്റുള്ളവയേക്കാള്‍ കൃത്യമായി ഇതുമായി കണക്ട് ചെയ്യപ്പെട്ട ഡിവൈസുകളുടെ സ്ഥാനം നിര്‍ണയിക്കാനാകും. അതേസമയം സമീപത്തുള്ള മറ്റ് വൈഫൈ സംവിധാനങ്ങളുമായി കൂടിക്കലരുന്ന പ്രശ്നമുണ്ടാകില്ല.
നിലവിലുള്ള വൈഫൈ സംവിധാനം 2.5 മുതല്‍ അഞ്ച് ജിഗാഹെട്സ് വരെയുള്ള തരംഗ ദൈര്‍ഘ്യത്തിലുള്ള റേഡിയോ സിഗ്‌നലിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനം 1,500 നാനോമീറ്റര്‍ മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ്. 200 ടെറാഹെട്സ് ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം. അതിനാല്‍ ഡേറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണ്.
പരീക്ഷണ വേളയില്‍ രണ്ടര മീറ്റര്‍ ദൂരത്തിനുള്ളില്‍ 42.8ജി.ബി വേഗമാണ് ലഭിച്ചത്. നിലവിലുള്ള ഏറ്റവും മികച്ച വൈഫൈ സംവിധാനത്തിന് സെക്കന്‍ഡില്‍ 300 മേഗാബൈറ്റ് വേഗം മാത്രമാണ് പരമാവധി വേഗത. അതായത് നിലവിലുള്ളതിനേക്കാള്‍ 100 മടങ്ങ് അധികം.