ന്യൂഡല്‍ഹി: ജനുവരിയില്‍ പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പാകിസ്ഥാനിലെ സംയുക്ത അന്വേഷണ സംഘത്തെ(ജെ.ഐ.ടി) ഉദ്ധരിച്ചു കൊണ്ട് പ്രമുഖ പാകിസ്ഥാന്‍ പത്രമായ പാകിസ്ഥാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കൃത്യവും സമഗ്രവുമായ തെളിവുകളില്ലാതെ ഇന്ത്യ പാകിസ്ഥാനെതിരെ പ്രചരണം നടത്തുകയാണെന്നും പത്രം പറയുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം മാര്‍ച്ച് അവസാനം പത്താന്‍കോട്ട് സന്ദര്‍ശിച്ച് തെളിവെടുത്തിരുന്നു. സംഭവത്തില്‍ സംശയനിഴലിലായ ഗുരുദാസ്പൂര്‍ എസ്.പിയേയും സംഘം ചോദ്യം ചെയ്തിരുന്നു.
പത്താന്‍കോട്ടില്‍ ആക്രമണം നടക്കുമെന്നത് സംബന്ധിച്ച വിവരം ഇന്ത്യയ്ക്കുണ്ടായിരുന്നു. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘത്തിലെ ഒരംഗം പറഞ്ഞതായി പത്രം അവകാശപ്പെടുന്നു. പാകിസ്ഥാന്റെ അന്വേഷണത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ടവിധം സഹകരിച്ചില്ലെന്ന് മാത്രമല്ല, അന്വേഷണത്തെ തടസപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ഇന്ത്യ ഉയര്‍ത്തിയ വാദങ്ങളെ റിപ്പോര്‍ട്ട് ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റുമുട്ടല്‍ നീണ്ടുനിന്ന സമയം ഇന്ത്യ പറയുന്നതിന് വിരുദ്ധമായാണ് സംയുക്ത അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് എത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ കൊല്ലപ്പെട്ടു.
എന്നാല്‍, ലോകശ്രദ്ധ കിട്ടുന്നതിന് വേണ്ടി ആക്രമണം മൂന്നു ദിവസത്തേക്ക് ഇന്ത്യ നീട്ടുകയായിരുന്നു. ലോകത്തിനു മുന്നില്‍ പാകിസ്ഥാനെ താറടിച്ചു കാണിക്കുകയും ഭീകരതയില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ‘നാടക’മാണ് പത്താന്‍കോട്ട് ആക്രമണം എന്ന് പറഞ്ഞു കൊണ്ടാണ് സംഘം റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതെന്ന് പത്രം പറയുന്നു.