![](https://dailyindianherald.com/wp-content/uploads/2018/06/ommena.jpg)
പൊളിറ്റിക്കൽ ഡെസ്ക്
കൊച്ചി: സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ച രാജ്യസഭാ സീറ്റ് കച്ചവടം മക്കളെ രക്ഷിക്കാൻ കേരളത്തിലെ മുതിർന്ന രണ്ട് രാഷ്ട്രീയ നേതാക്കൾ ഇറക്കിയ തുറുപ്പുഗുലാനെന്നു സൂചന. മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയും, കേരള കോൺഗ്രസ് എം ചെയർമാനായ കെ.എം മാണിയും ചേർന്നൊരുക്കിയ തുറുപ്പു ഗുലാനിൽ രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പെട്ടുപോകുകയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇരുവരും ഒരുക്കിയ കുതന്ത്രത്തിൽ രക്ഷപെടുന്നത് കെ.എം മാണിയുടെ മകൻ ജോസ് കെ.മാണിയും, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമാണ്.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ മകനെ കാലുവാരിതോൽപ്പിക്കുമെന്നു ഉറപ്പായതോടെയാണ് യുഡിഎഫ് മുന്നണി വിട്ട് ഇടതു പാളയത്തിലേയ്ക്കു പോകാൻ കെ.എം മാണി തീരുമാനിച്ചത്. ഇതിനുള്ള കരുക്കൾ അണിയറയിൽ ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനെ വെട്ടി പി.ജെ ജോസഫ് രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞത്. ഇതു കൂടാതെ ഇടതു മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ എതിർപ്പും മാണിയുടെ ഇടതു പ്രവേശന മോഹങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി. ഇടതു പാളയത്തിൽ എത്തി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച്, യു.പി.എ അധികാരത്തിൽ എത്തിയാൽ മന്ത്രിയാകാമെന്നായിരുന്നു ജോസ് കെ.മാണിയുടെയും കെ.എം മാണിയുടെയും മോഹങ്ങൾ. എന്നാൽ, എല്ലാം തകർക്കുന്നതായിരുന്നു സി.പി.ഐയുടെ എതിർപ്പ്.
ബാർ കോഴ വിഷയത്തിലെ എതിർപ്പിനൊപ്പം, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുക എന്ന ഉമ്മൻചാണ്ടി പക്ഷത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഒന്നര വർഷം മുൻപ് കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും സ്വീകരിക്കില്ലെന്ന പ്രഖ്യാപനം നടത്തി, പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് ശക്തമാക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഉമ്മൻചാണ്ടിയുടെ കരങ്ങൾക്കു കരുത്തു പകരുന്നതായിരുന്നു കെ.എം മാണിയുടെ നിലപാട്. ഇതിനിടെയാണ് ലീഗും ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടപ്പോഴെല്ലാം നിർണ്ണായക സമയങ്ങളിൽ കെ.എം മാണിയും കേരള കോൺഗ്രസും യുഡിഎഫിനു പിൻതുണയും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും രമേശ് ചെന്നിത്തലയുടെ ക്രഡിറ്റിൽ വരാതിരിക്കാനും പ്രത്യേകം ഇവർ ശ്രദ്ധിച്ചിരുന്നു. ഇതിനിടെയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വന്നതും, ഉമ്മൻചാണ്ടിയ്ക്ക് എ.ഐസിസി ജനറൽ സെക്രട്ടറി പദം രാഹുൽ ഗാന്ധിയിൽ നിന്നു ലഭിക്കുന്നതും.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനു പിന്നിൽ ചുക്കാൻ പിടിച്ചത് ഉമ്മൻചാണ്ടി തന്നെയായിരുന്നു. കേരള കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കുക എന്ന ലക്ഷ്്യത്തിനപ്പുറം തന്റെ മകന് സുരക്ഷിതമായ ഒരു താവളം ഒരുക്കുക എന്നലക്ഷ്യവും ഈ പിതാവിനുണ്ടായിരുന്നു. 2019 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിനു നൽകി, കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ദേശീയ രാഷ്ട്രീയത്തിലെ പ്രതികൂല സാഹചര്യത്തെ നേരിട്ടാൻ കരുത്തനായ എഐസിസി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യം ഡൽഹിയിൽ വേണമെന്ന രാഹുൽഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് കോൺഗ്രസിനു ലഭിച്ച കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉമ്മൻചാണ്ടി മത്സരത്തിനിറങ്ങും. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയവുമായി ന്യൂഡൽഹിയിൽ എത്തുന്ന ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നത് ഉറപ്പായം ഒരു കേന്ദ്രമന്ത്രി സ്ഥാനവുമായിരിക്കും. നേരിയ ഭൂരിപക്ഷത്തിനെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ തന്റെ ഹൈക്കമാൻഡിലെ സ്വാധീനം ഉപയോഗിച്ച് ജോസ് കെ.മാണിക്ക് ഒരു മന്ത്രി സ്ഥാനം നൽകുമെന്ന ഉറപ്പാണ് ഇപ്പോൾ കേരള കോൺഗ്രസിനു ഉമ്മൻചാണ്ടി നൽകിയിരിക്കുന്നതെന്നാണ് സൂചന.
ഉമ്മൻചാണ്ടി കോട്ടയത്തു നിന്നും എം.പിയാകുന്ന ഒഴിവിൽ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുന്നതിനാണ് ധാരണ. ഇതിനോടകം തന്നെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിലെ സജീവ സാന്നിധ്യമായി ചാണ്ടി ഉമ്മൻമാറിയിട്ടുണ്ട്. പിതാവ് ഉമ്മൻചാണ്ടി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും, ഞായറാഴ്ചകളിൽ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വസതിയിലെ ജനസമ്പർക്ക പരിപാടിയിലും സജീവ സാന്നിധ്യമാണ് ചാണ്ടി ഉമ്മൻ. അതുകൊണ്ടു തന്നെ തന്റെ സ്വാധീനം ഉപയോഗിച്ച് മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ എം.എൽ.എ ആക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉമ്മൻചാണ്ടി തേടുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു കാരണവശാലും ഭരണംപിടിക്കാനാവില്ലെന്ന ഉത്തമബോധ്യം ഉമ്മൻചാണ്ടിക്കുണ്ട്. ഇനി ഏതെങ്കിലും കാരണത്താൽ ഭരണംകിട്ടിയാൽ തന്നെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇക്കാരണത്താൽ തന്നെ ഡൽഹിയാണ് സേഫെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോൾ ആന്ധ്രയിലേയ്ക്കും, പിന്നീട് ഡൽഹിയിലേയ്ക്കും കളം മാറ്റാൻ ചുവടുറപ്പിക്കുന്നത്.