സ്വന്തം ലേഖകൻ
തിരുവനന്തപുരം: സീറ്റു വിട്ടുകൊടുത്തു കേരളാ കോൺഗ്രസി(എം)ലെ കലഹം പരിഹരിക്കാനുള്ള ഫോർമുലയ്‌ക്കെതിരേ കോൺഗ്രസിൽ കടുത്ത എതിർപ്പ്. സീറ്റുകിട്ടിയാലും പ്രശ്‌നം തീരില്ലെന്ന സൂചനയുമായി കേരളാ കോൺഗ്രസിലെ വിമതർ. ഇതോടെ മാണിഗ്രൂപ്പിലെ പ്രശ്‌നം കൂടുതൽ കുഴഞ്ഞുമറിഞ്ഞു. ഇടഞ്ഞുനിൽക്കുന്ന കേരളാ കോൺഗ്രസ് നേതാക്കളെ സീറ്റ് നൽകി അനുനയിപ്പിക്കാമെന്നു കെ.എം. മാണിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ധാരണയിലെത്തിയെങ്കിലും സീറ്റുനൽകാനാവില്ലെന്നാണു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആർ.എസ്.പിക്കും ജെ.ഡി.യുവിനും പാർട്ടി സീറ്റുകളാണു വിട്ടുകൊടുക്കേണ്ടത്. അതോടൊപ്പം മാണിവിഭാഗത്തിനു കൂടുതൽ സീറ്റ് നൽകാനാവില്ല. മാണി ഗ്രൂപ്പിനുളളിലെ കൂടുതൽ സീറ്റു നേടാനുള്ള തന്ത്രമാണെന്ന സംശയവും ചില നേതാക്കൾ പങ്കുവയ്ക്കുന്നു. പരസ്പരം ചെളിവാരിയെറിഞ്ഞുനിൽക്കുന്ന ഇവരെ നിലനിർത്തിയാലും പ്രതീക്ഷിക്കുന്ന ഗുണമുണ്ടാവില്ലെന്നു കോൺഗ്രസിനുള്ളിൽ അഭിപ്രായമുയരുന്നു. ഫ്രാൻസിസ് ജോർജിന് കോട്ടയം അല്ലെങ്കിൽ എറണാകുളം ഡോ: കെ.സി. ജോസഫിന് കുട്ടനാട് എന്നീ സീറ്റുകൾ നൽകി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാമെന്നാണു മാണി പി.ജെ. ജോസഫിനെ അറിയിച്ചിട്ടുളളത്. എന്നാൽ നടപ്പാവാൻ സാധ്യത കുറഞ്ഞ മാണിയുടെ ഈ നീക്കത്തെ കുറുമുന്നണിക്കാർ സംശയത്തോടെയാണു കാണുന്നത്. മാണി ഗ്രൂപ്പിന്റെ കിരീടാവകാശിയായി വളർത്തിക്കൊണ്ടുവരുന്ന ജോസ് കെ. മാണിക്ക് ഫ്രാൻസിസ് ജോർജ് ഭീഷണിയാകുമെന്നു ഭയക്കുന്നതിനാൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകാൻ മാണി തയാറാവില്ലെന്നു തന്നെ അവർ കരുതുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് ലഭിക്കുമായിരുന്ന ഇടുക്കി സീറ്റിന് മാണി സമ്മർദ്ദം ചെലുത്താതിരുന്നതും ഇതുകൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പിൻഗാമിയായി മകനെ ഉയർത്തിക്കൊണ്ടുവരുന്ന മാണിയുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ല. സ്വന്തംപാർട്ടിയിലെ സഹപ്രവർത്തകരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് രാജിവച്ചപ്പോൾ മാണി ധനവകുപ്പ് ജോസഫിനെ ഏൽപ്പിക്കാതിരുന്നത്. ജോസഫായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നതെങ്കിൽ അതിന്റെ നേട്ടം പാർട്ടിക്ക് കിട്ടുമായിരുന്നു. പകരം തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് മാണി തന്നെ ആരോപിച്ച കോൺഗ്രസ് നേതാക്കൾക്ക് നേട്ടംകൊയ്യാനാണ് അവസരമുണ്ടാക്കിയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. രണ്ടുദിവസമായി പാർട്ടി നേതൃത്വത്തിനെതിരെയുള്ള വിമർശനം വിമതവിഭാഗം ശക്തമാക്കിയിട്ടുണ്ട്. കർഷകപ്രശ്‌നങ്ങളും അഴിമതി ആരോപണങ്ങളുമാണ് പരസ്യമായി ഉന്നയിക്കുന്നത്. അച്ചടക്കനടപടി സ്വീകരിച്ചു രക്തസാക്ഷിപരിവേഷത്തോടെ പാർട്ടിയിൽനിന്നു പുറത്തുപോകാനുള്ള നീക്കമാണെന്നാണു സൂചന. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഘടകകക്ഷിയായില്ലെങ്കിലും പൊതുസമ്മതർ എന്ന നിലയിൽ ഇവർക്കു മത്സരരംഗത്തു പിന്തുണയുണ്ടാകും. വിജയിച്ചശേഷം മുന്നണിയിൽ ഘടകകക്ഷിയാക്കാമെന്ന നിലപാടാണ് ഇപ്പോൾ സി.പി.എമ്മിനുള്ളത്. ഫ്രാൻസിസ് ജോർജ് അധ്യക്ഷനായ കർഷകമുന്നണിയുടെ ബാനറിൽ മത്സരിപ്പിക്കാനാണ് നീക്കം.