![](https://dailyindianherald.com/wp-content/uploads/2016/05/om-1.jpg)
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടര മാസം നീണ്ടു നിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ വിധി ദിനം എത്തിയിരിക്കുന്നു. വിരൽതൊട്ടു ജനം വിധിയെഴുതുമ്പോൾ സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും അടക്കമുള്ളവർ ചങ്കിടിപ്പോടെ ജനവിധിയെ കാത്തിരിക്കുകയാണ്. കണക്കു കൂട്ടലുകളെല്ലാം മനസിലുണ്ടെങ്കിലും ഒന്നും പുറത്തു പറയാതെ നേതാക്കൾ കാത്തിരിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പം നിൽക്കുമെന്നു പറയാൻ കാത്തിരിക്കേണ്ടി വരും.
യുഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്തുണ്ടാകുമെന്നും ഇത് തങ്ങൾക്കു അനുകൂലമാകുമെന്ന ഉറച്ച് ആത്മവിശ്വാസത്തിലാണ് ഇടതു നേതാക്കൾ. നൂറിലധികം സീറ്റ് നേടുമെന്നു ഇടതു മുന്നണി പരസ്യമായി പറയുമ്പോഴും, എൺപതിലേറെ സീറ്റുണ്ടാകുമെന്നാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നു സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു. സിപിഎം നിയോഗിച്ച സർവേ സംഘം നടത്തിയ പഠനത്തിൽ 80 മുതൽ 85 സീറ്റ് വരെ ഇടതു മുന്നണിക്കു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ. 78 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇത്തവണ അധികാരത്തിൽ തിരികെ എത്താൻ സാധിക്കുമെന്നും, ഇതിനു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം ഇതു സംബന്ധിച്ചുള്ള റിപ്പോർ്ട്ടുകൾ പുറത്തു വിടുന്നത്. 72 നും 74 നും ഇടയിൽ സീറ്റുകൾ ഇക്കുറി ലഭിക്കുമെന്നത് കോൺഗ്രസിന്റെ പ്രാദേശിക ഘടകങ്ങളിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കുന്നത്.
ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാനാവുമെന്ന ശുഭാപ്തി വിശ്വാസവത്തിൽ തന്നൊയണ് ബിജെപി. ഇതിനായി 200 കോടിയിലധികം രൂപയാണ് ബിജെപി തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി ഒഴുക്കിയത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു കോടി വീതവും, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അധികമായി രണ്ടു കോടിയുമാണ് ബിജെപി ഒഴുക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ കേരളത്തിൽ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്.