കൊളംബോ: സ്വന്തം മണ്ണില്‍ ആഘോഷാരവങ്ങളുടെ നടുവിലാണ് കുമാര്‍ സംഗക്കാരയെന്ന ക്ളാസിക് ബാറ്റ്സ്മാന്‍െറ മടക്കം. ലോക ക്രിക്കറ്റിന്‍െറ മറ്റൊരു നഷ്ടം എന്ന് രേഖപ്പെടുത്തുന്ന ഒരു വിരമിക്കല്‍ തീരുമാനത്തിന് കൊളംബോയില്‍ ഇന്ന് തുടങ്ങുന്ന ഇന്ത്യ^ശ്രീലങ്ക രണ്ടാം ടെസ്റ്റ് വേദിയാകും. ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ അത്യുജ്ജ്വല ജയം സമ്മാനിച്ച് തങ്ങളുടെ ഇതിഹാസതാരത്തിന്‍െറ യാത്രയയപ്പ് ചടങ്ങിന്‍െറ ആദ്യ ഘട്ടം ദ്വീപുകാര്‍ അവിസ്മരണീയമാക്കിയിരുന്നു. തന്‍െറ പ്രിയ ഗ്രൗണ്ടായ ഗല്ളെയില്‍ നടന്ന ആ ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്സില്‍ 40 റണ്‍സുമായി തന്‍െറ ഭാഗം ഭംഗിയാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സംഗ നടത്തി. രണ്ടാം ടെസ്റ്റും ജയിച്ച് മൂന്നു മത്സരങ്ങളുടെ പരമ്പര 2^0ത്തിന് കൊളംബോയില്‍തന്നെ സ്വന്തമാക്കി, തങ്ങളുടെ പ്രിയ താരത്തിന് യോജിച്ച യാത്രയയപ്പ് നല്‍കാനാണ് എയ്ഞ്ചലോ മാത്യൂസിന്‍െറ നേതൃത്വത്തില്‍ ആതിഥേയര്‍ കോപ്പുകൂട്ടുന്നത്. ലോക ക്രിക്കറ്റ് സമൂഹവും ആശംസകളുമായി സജീവമായിക്കഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നായി മാറിയ സംഗക്ക് വികാരനിര്‍ഭരമായ യാത്രപറച്ചിലുമായാണ് ലങ്കന്‍ മണ്ണ് അടുത്ത അഞ്ചു കളിദിനങ്ങള്‍ തള്ളിനീക്കുക.
മറുവശത്ത്, ആദ്യ ടെസ്റ്റിന്‍െറ ആദ്യ രണ്ടു ദിവസങ്ങളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയതിനുശേഷം അപ്രതീക്ഷിതമായി തോറ്റമ്പിയതിന്‍െറ ക്ഷീണം മറന്ന് ജയത്തിനായി പോരാടുന്നതിനാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശ്രമിക്കുക. ആര്‍. അശ്വിന്‍െറ നേതൃത്വത്തിലുള്ള സ്പിന്‍ വിഭാഗവും ഇശാന്ത് ശര്‍മ നയിക്കുന്ന പേസ് ബൗളിങ്ങും ഏതു ബാറ്റിങ്ങിനെയും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ബാറ്റിങ്നിര അമ്പേ പരാജയമായ ഗല്ളെ രണ്ടാം ഇന്നിങ്സിന്‍െറ മുറവുണക്കാന്‍ ബാറ്റിങ്നിര തിളങ്ങിയേ മതിയാകൂ. ഓപണിങ്ങില്‍ ശിഖര്‍ ധവാനെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാല്‍, മുരളി വിജയിന് കളിക്കാനാകുമെന്ന സൂചനകളുള്ളത് ശുഭവാര്‍ത്തയും.