തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന്റെ പുതിയ മന്ദിരത്തിലും ജേക്കബ് തോമസിന്റെ ഇടപെടല്‍. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ഫയര്‍ എന്‍.ഒ.സി. നല്‍കാത്തതോടെ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നീളുകയാണ്. മൂന്നു നിലകള്‍ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ പാലിക്കേണ്ട അത്യാവശ്യ സജ്‌ജീകരണങ്ങളൊന്നും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.
ഡിസംബര്‍ 18-ന് തീരുമാനിച്ച ഉദ്‌ഘാടനമാണ് മാറ്റിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
അതേസമയം ജേക്കബ് തോമസിന്റെ പിടിയില്‍നിന്നു സെക്രട്ടേറിയറ്റ് അനക്‌സിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചു. സര്‍ക്കാര്‍കെട്ടിടങ്ങള്‍ക്കു ഫയര്‍ എന്‍.ഒ.സി. വേണ്ടെന്ന നിയമഭേദഗതി വരുത്താന്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാനാണ് ധാരണ. ഇതോടെ എത്രയുംവേഗം അനക്‌സിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു മുഖംരക്ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
പുതിയ ഭേദഗതി വന്‍കിട കെട്ടിടനിര്‍മ്മാതാക്കളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒരേ കാര്യത്തിനു രണ്ടുതരം നിയമം നിലനില്‍ക്കില്ലെന്നും അവര്‍ വ്യക്‌തമാക്കുന്നു. സര്‍ക്കാര്‍കെട്ടിടങ്ങള്‍ക്കുമാത്രമായി നിമയസംരക്ഷണം നല്‍കിയാല്‍ കെട്ടിടനിര്‍മ്മാതാക്കള്‍ കോടതിയെ സമീപിക്കാനാണ് സാധ്യത. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഇളവ് കെട്ടിടനിര്‍മ്മാതാക്കള്‍ക്കും ലഭ്യമാകുന്ന അവസ്‌ഥയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.