സ്വന്തം ലേഖകൻ
ധരംശാല: പ്രതിഷേധങ്ങളും സുരക്ഷാ കാരണങ്ങളും മുൻനിർത്തി കഴിഞ്ഞ ദിവസമാണ് ഇന്ത്യ പാകിസ്താൻ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ വേദി ധരംശാലയിൽ നിന്നും കൊൽക്കത്തയിലേക്ക് മാറ്റി നിശ്ചയിച്ചത്. ഈ നഷ്ടത്തിൽ നിന്നും കരകയറുന്നതിന് മുമ്പാണ് ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) മത്സരങ്ങളും ധരംശാലക്ക് നഷ്ടമാകുന്നു എന്ന വാർത്തകളെത്തുന്നത്.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ) അടുത്തിടെ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ഐപിഎൽ വേദിമാറ്റം. ഐപിഎല്ലിലെ താരങ്ങളായ കിംഗ്‌സ് ഇലവൺ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായാണ് ധരംശാല അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അവർ തന്നെ ഐപിഎൽ മത്സരങ്ങളിൽ നിന്ന് ധരംശാലയെ മാറ്റിനിർത്തണമെന്ന ആവശ്യവുമായി ബിസിസിഐയെ സമീപിച്ചത്. എച്ച്പിസിഎ സ്റ്റേഡിയത്തിൽനിന്ന് നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലേക്ക് കളികൾ മാറ്റണമെന്നാണ് ടീമിന്റെ ആവശ്യം.
ബിസിസിഐ ഇവരുടെ ആവശ്യത്തിന് ആനുകൂലമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ഐപിഐൽ സീസണിൽ നിന്ന് ധരംശാലയുടെ പേര് നീക്കപ്പെടുമെന്നത് ഉറപ്പായി. ടീമിനുമുകളിൽ അനാവശ്യമായി നിബന്ധനകളും ആവശ്യങ്ങളും അടിച്ചേൽപ്പിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ടാണ് കിംഗ്‌സ് ഇലവൺ പഞ്ചാബ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കൂടാതെ സർക്കാർ ഏർപ്പെടുത്തിയ വിനോദനികുതിയും കൂടുതലാണെന്നാണ് ടീമിന്റെ അഭിപ്രായം.