ജയിലിലെ മോര്‍ണിങ് വാക്കിനു ഛോട്ടാ രാജനു കാവല്‍ പന്ത്രണ്ടു പൊലീസുകാര്‍; സുരക്ഷയ്്ക്കായി രാജന്റെ സംഘാംഗങ്ങള്‍ ജയിലിനുള്ളിലെത്തിയതായു സൂചന

മുംബൈ: അധോലോക രാജാവ് ഛോട്ടാരാജന്റെ ജയിലിലെ മോര്‍ണിങ് വാക്ക് പന്ത്രണ്ടു പൊലീസുകാരുടെ അകമ്പടിയില്‍. ജയിലിനുള്ളില്‍ വച്ചു ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന അധോലോക നേതാവ് ഛോട്ടാഷക്കീലിന്റെ ഭീഷണിയെ തുടര്‍ന്നാണ് ജയിലിനുള്ളില്‍ ഛോട്ടാ രാജനു സുരക്ഷ ഏര്‍പ്പെടുത്തി നല്‍കിയത്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ വച്ച് ഛോട്ടോരാജനെ വധിക്കുമെന്നു ദേശീയ മാധ്യമത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ദാവൂദ് ഇബ്രാഹീമിന്റെ അനുയായി കൂടിയായ ഛോട്ടാ ഷക്കീല്‍ ഭീഷണി മുഴക്കിയത്. ഇതിനിടെ രാജനെതിരായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ കേസുകളില്‍ കീഴടങ്ങിയ രാജന്‍ സംഘത്തിലെ പന്ത്രണ്ടു പേര്‍ ജയിലില്‍ എത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്.
ജീവനു തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഛോട്ടാ രാജന്‍ പൊലീസിനു കീഴടങ്ങിയതും ജയിലിലെ സുരക്ഷയില്‍ ഒളിവില്‍ കഴിയുന്നതുമെന്നാണ് ഛോട്ടാ ഷക്കീലിന്റെ വാദം. അതുകൊണ്ടു തന്നെ ജയിലിനുള്ളില്‍ വച്ചു തന്നെ രാജനെ കൊലപ്പെടുത്തുമെന്നും ഷക്കീലും സംഘവും ഭീഷണിയും മുഴക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് രാജനു കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് മലേഷ്യയിലെ ബാലിയില്‍ നിന്നും ഇന്‍ഡോനേഷ്യന്‍ പൊലീസ് രാജനെ പിടികൂടി ഇന്ത്യന്‍ പൊലീസിനു കൈമാറിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ രാജനെതിരായ ഭീഷണി സന്ദേശം വന്നതോടെയാണ് പൊലീസ് രാജനുള്ള സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. രാത്രിയിലും പകലും രാജന്റെ ജയിലിനു മുന്നില്‍ മൂന്നിരട്ടി സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പന്ത്രണ്ടു പൊലീസുകാരാണ് 24 മണിക്കൂറും രാജനു ചുറ്റിലും ഡ്യൂട്ടിയിലുണ്ടാകുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന രാജന് എല്ലാ ദിവസവും പുലര്‍ച്ചെ ഒരു മണിക്കൂര്‍ നടത്തമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇൗ നടത്തത്തിനു രാജനിറങ്ങുമ്പോള്‍ കയ്യില്‍ എകെ 47 തോക്കുമായാ നാലു വശത്തും പൊലീസ് സംഘം കാവലുണ്ടാകും. പൊലീസിന്റെ കാവലില്‍ വിശ്വാസമില്ലാത്തതിനെ തുടര്‍ന്നാണ് രാജന്‍ സംഘാംഗങ്ങള്‍ വിവിധ കേസുകളില്‍ കീഴടങ്ങി ജയിലിനുള്ളിലെത്തിയതെന്നാണ് സൂചന. മുംബൈ അധോലോകത്തിലെ കുപ്രസിദ്ധ ഗുണ്ടകളായ പന്ത്രണ്ടു പേരാണ് തീഹാര്‍ ജയിലിലേയ്ക്കു എത്തിയിരിക്കുന്നത്. ഇതോടെ ഛോട്ടാ രാജനു സുരക്ഷ പൂര്‍ണമായും ഉറപ്പാക്കാനാണ് അദ്ദേഹത്തിനോടൊപ്പമുള്ളവരുടെ തീരുമാനം.

Top