പാര്‍ട്ടി നിലപാടും മുഖ്യമന്ത്രിയുടെ അഭിപ്രായവും തള്ളികളഞ്ഞ് ഡിജിപിയുടെ പത്രകുറിപ്പ്; ഡിജിപിയുടെ നീക്കങ്ങളില്‍ ഒരു വിഭാഗത്തിന് ആശങ്ക

തിരുവനന്തപുരം: സിപിഎം നിലപാടിനേയും പിണറായി വിജയനേയും വെല്ലുവിളിച്ച് ഡിജിപി ലോക് നാഥ് ബെഹറ. ദേശിയ ഗാനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തില്ലെന്നായിരുന്നു സിപിഎം നേതാക്കളു ടെയും മുഖ്യമന്ത്രിയുടേയും പ്രഖ്യാപിത നിലപാട്. എന്നാല്‍ സിപിഎം നിലപാട് തിരുത്തി ഡിജിപി പത്ര പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു.

ഈ വിഷയം സംബന്ധിച്ച ഒരു പൊതുനിലപാടും വ്യക്തമാക്കാത്ത വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയാണ് പോലീസിന്റെ വഴി വേറെയാണ് എന്ന വ്യക്തമായ സന്ദേശം ഡിജിപി നല്‍കുന്നത്. ദേശീയഗാനത്തെ അവഹേളിച്ചെന്ന ആരോപണത്തെ തുടര്‍ന്നു കമല്‍സിക്കെതിരെ ഐപിസി 124 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അതിന്റെ ഭാഗമായി അന്വേഷണം പുരോഗമിക്കുകയാണെന്നും മാത്രമാണ് പത്രക്കുറിപ്പ് വിശദീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വകുപ്പ് ഒഴിവാക്കാനുളള നിര്‍ദ്ദേശത്തെക്കുറിച്ചോ, തുടര്‍ കേസുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചോ വാര്‍ത്താക്കുറിപ്പില്‍ ഒരു പരാമര്‍ശവുമില്ല. 124 എ ചുമത്തുന്നതിന് സുപ്രിംകോടതി പോലീസിന് കര്‍ശന മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും ഡിജിപി നിശബ്ദത പാലിക്കുന്നു.

ദേശീയഗാനത്തെ നിന്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും കമല്‍ സി ചവറയ്‌ക്കെതിരെ ആരോപണമുയര്‍ന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡിജിപി വിശദീകരിക്കുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ 124എ ചുമത്തിയെന്നാണ് പത്രക്കുറിപ്പിലെ ന്യായം.

എന്നാല്‍ ഇത്തരമൊരു ആരോപണത്തിന്റെ പേരില്‍ പ്രഥമദൃഷ്ട്യാ പോലീസിനെങ്ങനെ 124 എ ചുമത്താന്‍ കഴിഞ്ഞുവെന്ന കാര്യം ഡിജിപി വിശദീകരിക്കുന്നില്ല. ഫലത്തില്‍, തുടര്‍ന്നും ഇത്തരം ആരോപണങ്ങളുയര്‍ന്നാല്‍ പോലീസിന്റെ വഴി പോലീസ് തീരുമാനിക്കുമെന്നു തന്നെയാണ് ഡിജിപി വ്യക്തമാക്കുന്നത്. ഭരണനേതൃത്വം ഇക്കാര്യത്തില്‍ എന്തെങ്കിലും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ ഒരു സൂചനയും പോലീസിന്റെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നില്ല.

കമല്‍സിയ്‌ക്കെതിരെ ചുമത്തിയ 124എ ഒഴിവാക്കാന്‍ പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഈ കേസില്‍ 124 എ നിലനില്‍ക്കില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പത്രലേഖകരോടു വിശദീകരിച്ചിരുന്നതാണ്. എന്നാല്‍, അന്വേഷണം നടത്തേണ്ടത് പോലീസിന്റെ നിയമപരമായ ബാധ്യതയാണ് എന്ന നിലപാടിലാണ് ഡിജിപി.

ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉയരുന്ന കേസുകളില്‍ 124 എ ചുമത്തരുത് എന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനു നല്‍കിയെന്ന് സിപിഐഎം കേന്ദ്ര നേതൃത്വമാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പരസ്യമായി നയം വ്യക്തമാക്കുന്നതിനു മുന്നേ പാര്‍ടി നിലപാടു പറയുകയും ചെയ്തിരുന്നു. അതേ സമയം ബെഹറയുടെ നീക്കങ്ങള്‍ സിപിഎമ്മിലെ ഒരു വിഭാഗം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Top