അലഹാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ജെ.എന്‍.യു.വില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിനാല്‍ രാഹുലിനെതിരെ കേസെടുക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം. ബി.ജെ.പി അഭിഭാഷകനായ സുശീല്‍ മിശ്രയാണ് കഴിഞ്ഞ ദിവസം രാഹുലിനെതിരെ ഹര്‍ജി നല്‍കിയത്. ജെ.എന്‍.യു.വില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികളെ രാഹുല്‍ പിന്തുണച്ചു എന്നാരോപിച്ചായിരുന്നു ഹര്‍ജി. രാഹുലിനെതിരെ കര്‍ശന നടപടി വേണമെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ജെ.എന്‍.യുവിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഏറ്റവും വലിയ ദേശവിരുദ്ദരെന്നും രാജ്യത്തെ ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നത് സര്‍ക്കാരിനെ ഭയപ്പെടുത്തുകയാണ് ജെ.എന്‍.യുവില്‍ പ്രക്ഷോഭം നടത്തുന്നവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ‘അടിച്ചമര്‍ത്തുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ ശക്തരാകുകയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നില്ല. ഈ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനത നിങ്ങളുടെ പുറകിലുണ്ടെന്ന കാര്യം അറിയിക്കാനാണ് ഞാന്‍ വന്നത്.
നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങരുത്’ എന്ന് രാഹുല്‍ ഗാന്ധി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് പറഞ്ഞിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുശീല്‍ കുമാറാണ് ഹര്‍ജി സ്വീകരിച്ചുകൊണ്ട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124,124എ,500,511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹര്‍ജിക്കാരനോട് കോടതി കൃത്യമായ തെളിവുകള്‍ മാര്‍ച്ച് 1ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.