പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാന്‍ മക്കളുമായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ സീമ ഹൈദര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നു. രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കിയുള്ള ‘എ ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്ന ചിത്രത്തിനായി ജാനി ഫയര്‍ഫോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഒരു സംഘം സീമ ഹൈദറിനെ ഓഡിഷന്‍ ചെയ്തതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിനിമയില്‍ റോ ഏജന്റായാണ് സീമ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലേക്ക് അനധികൃതമായി വന്ന സീമ ഐഎസ്‌ഐ ഏജന്റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ദയാ ഹര്‍ജി നല്‍കി. സുപ്രീം കോടതി അഭിഭാഷകന്‍ എ പി സിംഗ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി സെക്രട്ടേറിയറ്റില്‍ സ്വീകരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന സച്ചിന്‍ മീണയുമായി (22) താന്‍ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹര്‍ജിയില്‍ സീമാ ഹൈദര്‍ പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തില്‍ വച്ച് താന്‍ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു.