കോഴ കൊടുത്ത് മെഡിക്കല്‍ പ്രവേശനം നേടിയവര്‍ കുടുങ്ങും; പ്രവേശനം റദ്ദാക്കും

കോഴ നല്‍കി സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്കു ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടരുതെന്നും അങ്ങനെ ചെയ്യുന്നവരുടെ പ്രവേശനം റദ്ദാക്കുമെന്നും ശൈലജ വ്യക്തമാക്കി. ബാങ്ക് ഗ്യാരന്റിയില്ലാത്ത കാരണം കൊണ്ട് ആര്‍ക്കും പ്രവേശനം നഷ്ടമാവില്ല. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരാണ് സ്വാശ്രയ കോളേജുകളിലേക്ക് എല്ലാ അലോട്ട്‌മെന്റുകളും നടത്തുന്നത്. പ്രവേശനം ലഭിക്കാന്‍ മാനേജ്‌മെന്റുകളുടെ ഏജന്റുമാര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങരുത്. ഇത്തരം മാനേജ്‌മെന്റുകള്‍ക്കു കോഴ കൊടുക്കാന്‍ തയ്യാറാവരുതെന്നും ശൈലജ ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റിയായി പണം നല്‍കാന്‍ ഇല്ലെന്നു കരുതി ആരും മടങ്ങിപ്പോവരുതെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ നേരത്തേ തന്നെ വ്യക്തമാക്കിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്ക് ഗ്യാരന്റി ഇല്ലാത്തതിനെ തുടര്‍ന്നു പ്രവേശനം തേടിയെത്തിയവര്‍ കഴിഞ്ഞ ദിവസം മടങ്ങിപ്പോയതായി അറിഞ്ഞിരുന്നു. ഇതു ചെയ്യരുതായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയമപരമായതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആരും പ്രവേശനം നേടാതിരിക്കരുതെന്നും ശൈലജ പറഞ്ഞു.

Top