തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാഹനത്തിനുനേരെ കരിങ്കൊടി വീശിയ അഞ്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളജ് വിദ്യാര്‍ഥികളായ കബീര്‍ മുട്ടം, നോയല്‍ കുമാര്‍, കോതമംഗലം നഗരസഭാ കൗണ്‍സിലര്‍ അനൂപ് ഇട്ടന്‍, എല്‍ദോസ് വടാട്ടുപാറ, നഫീസ് പാറേക്കാടന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുണ്ടന്നൂര്‍ ലെ മെറിഡിയന് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ടിന്‍െറ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഹോട്ടലിന്‍െറ കവാടത്തിന് സമീപം മാറി നിന്ന പ്രവര്‍ത്തകര്‍ വാഹനവ്യൂഹം എത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും ജയ് വിളിയുമായി പാഞ്ഞടുക്കുകയായിരുന്നു.പ്രതിഷേധവിവരമറിഞ്ഞ് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നെങ്കിലും പുറമെനിന്നുള്ള പ്രവര്‍ത്തകരായിരുന്നതിനാല്‍ പൊലീസിന് തിരിച്ചറിഞ്ഞ് മുന്‍കൂട്ടി തടയിടാനായില്ല. പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയ പ്രവര്‍ത്തകരെ ആദ്യം പനങ്ങാട് സ്റ്റേഷനിലേക്കും പിന്നീട് മരട് സ്റ്റേഷനിലേക്കും മാറ്റി
അതേസമയം സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം യു.ഡി.എഫ് ഏറ്റെടുത്തു. വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചതോടെ സ്വാശ്രയപ്രശ്നത്തില്‍ കേരളം വീണ്ടും “കത്തുന്ന” അവസ്ഥയായി.
സമരവേദി സെക്രട്ടേറിയറ്റിനു മുന്നില്‍നിന്നും നിയമസഭയിലേക്ക് മാറ്റാനാണ് യു.ഡി.എഫ് നീക്കം. നിയമസഭയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്ന നിലപാടനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. ഇന്നലെ നിയമസഭയില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിക്കുകയോ, രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ സഭാനടപടികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. ഇതോടെ എം.എല്‍.എമാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവര്‍ നിരാഹാരം ആരംഭിക്കാനാണ് നീക്കം.
യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ ഭാഗമായി തന്നെ കരിങ്കൊടികാണിച്ചത് ചാനലുകാര് വാടയ്ക്ക് എടുത്തവരാണെന്ന പിണറായിയുടെ പ്രസ്താവനയാണ് യു.ഡി.എഫിനെ ചൊടിപ്പിച്ചത്. കരിങ്കൊടികാണിക്കാന്‍ വാടകയ്ക്ക് ആളെ എടുക്കേണ്ട സ്ഥിതിയില്‍ തങ്ങള്‍ എത്തിയെന്നു പറഞ്ഞ് അപമാനിച്ചതായി യു.ഡി.എഫ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരായ പ്രതിഷേധം വൈകാതെ തെരുവുയുദ്ധമായി. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പിണറായിയെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനഭാരവാഹി എസ്.ആര്. ബാലു, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് റിങ്കുരാജ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികളായ അജിന്‍ഷാ, ഹരി, ജമീര്‍ എന്നിവരാണെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.ഇന്നലെ നിയമസഭാനടപടികളുമായി സഹകരിക്കാന്‍ തയാറായി വന്ന തങ്ങളെ അപമാനിച്ച് മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിച്ചുവെന്നാണ് യു.ഡി.എഫ് നിലപാട്. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ അപേക്ഷയെ മാനിച്ച് ചര്‍ച്ചയ്ക്ക് തയാറായിട്ടും കഴിഞ്ഞദിവസം നടന്ന അക്രമസമരമാണ് പിണറായിയെ പ്രകോപിപ്പിച്ചതെന്ന് സൂചനയുണ്ട്.
രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ സ്വാശ്രയപ്രശ്നം ചര്‍ച്ചയായിരുന്നു. പിന്നീട് ഷാഫി പറമ്പിലിന്റെ അടിയന്തരപ്രമേയം വന്നപ്പോഴാണ് വിഷയം കൈവിട്ടുപോയത്. ചാനലുകളെയും യൂത്ത് കോണ്‍ഗ്രസിനെയും കണക്കറ്റ് പരിഹസിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടി തടസപ്പെടുത്താന്‍ യു.ഡി.എഫ് ശ്രമിച്ചതോടെ അദ്ദേഹം കൂടുതല്‍ പ്രകോപിതനായി. . പിണറായിയുടെ പരിഹാസത്തിന് അതേനാണയത്തില്‍ രമേശ് ചെന്നിത്തലയും മറുപടി നല്‍കിയതോടെ പ്രശ്നം വഷളായി. ഇതിന്റെ തുടര്‍ച്ചയാണ് പിന്നീട് സെക്രട്ടേറിയറ്റിന് മുന്നില്‍ കണ്ടത്. മാര്‍ച്ചുമായി വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ ആക്രമണം ആരംഭിച്ചതോടെ തലസ്ഥാനം യുദ്ധക്കളമായി.
<ബര് />കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമരപന്തലിലിരുന്ന വി.എസ്. അച്യുതാനന്ദനും സി.ദിവാകരനും മുന്നില്‍ ഗ്രനേഡ് വലിച്ചെറിഞ്ഞതിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ സമരപന്തലിലുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നേരെയും ഇന്നലെ ടിയര്‍ ഗ്യാസും ഗ്രനേഡും പോലീസ് വലിച്ചെറിഞ്ഞു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസിനെയും സി.ആര്. മഹേഷിനേയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നു തലസ്ഥാനത്തുണ്ടായിരുന്ന യു.ഡി.എഫ് നേതാക്കള്‍ അടിയന്തരമായി യോഗംചേര്‍ന്നു. അതിനുശേഷമാണ് സമരം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.