ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് ഇന്ത്യയിലൊട്ടാകെ അഖിലേന്ത്യ പ്രവേശ പരീക്ഷ മാത്രം മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ
ഇതോടെ സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷകള്‍ ഇല്ലാതാകും. സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നടന്ന യോഗത്തിലാണു സുപ്രധാന നിര്‍ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ചത്. ശിപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും നിര്‍ദേശം ബാധകമാണ്. മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുതിയ തീരുമാനം കൈക്കൊണ്ടത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളും മാനേജ്‌മെന്റുകളും നടത്തുന്ന പ്രവേശനപരീക്ഷകള്‍ ഇതോടെ ഇല്ലാതാകും. അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താനാണ് തീരുമാനം. കേരളത്തില്‍ തന്നെ ഇപ്പോള്‍ രണ്ട് തരത്തിലുള്ള പ്രവേശനമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലും മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് നിലവിലെ പ്രവേശനം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി പ്രവേശനപരീക്ഷ നടത്താന്‍ അനുവാദം ഉണ്ടായിരിക്കില്ല. മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന പരീക്ഷകള്‍ക്കും സാധുത ഉണ്ടാകില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. സംവരണ സീറ്റുകള്‍ സംബന്ധിച്ചും പ്രവേശനത്തിനു മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. നിയമത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ച് മാത്രമേ തീരുമാനം നടപ്പിലാക്കാനാവൂ എന്ന് മെഡിക്കല്‍ കൗണ്‍സിലംഗവും എംഇഎസ് പ്രസിഡന്റുമായ ഡോ.ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന മാനേജ്‌മെന്റുകള്‍ക്ക് സ്വന്തനിലയില്‍ പ്രവേശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ തീരുമാനം നടപ്പിലാക്കാനാവൂ. വെല്ലൂര്‍, ലുധിയാന മെഡിക്കല്‍ കോളജുകളുടെ കാര്യത്തിലും പ്രവേശനനടപടികള്‍ പരിഷ്‌കരിക്കേണ്ടി വരുമെന്നും ഡോ.ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി