തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാരമിരുന്ന എംഎല്‍എമാര്‍ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ സമരത്തില്‍ സര്‍ക്കാറിെന്‍റ കപടമുഖം തുറന്ന് കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിച്ചതായി ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ അവസാനിക്കുന്നില്ല. ഇൗ മാസം 15, 16 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാറിെന്‍റ വഞ്ചന തുറന്ന് കാട്ടി ജനകീയ സദസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സദസുകളില്‍ പെങ്കടുക്കും.
കോട്ടയം-ഉമ്മന്‍ചാണ്ടി, എറണാകുളം-വി.എം സുധീരന്‍, ആലപ്പുഴ-രമേശ് ചെന്നിത്തല, കോഴിക്കോട്-എം.കെ മുനീര്‍, മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, പത്തനംതിട്ട-വര്‍ഗീസ് ജോര്‍ജ്, കൊല്ലം-എം.കെ പ്രേമചന്ദ്രന്‍, കാസര്‍കോട്-സി.പി ജോണ്‍ എന്നിവര്‍ ജനകീയ സദസുകള്‍ക്ക് നേതൃത്വം നല്‍കും. 17ാം തീയതി തിരുവനന്തപുരത്തായിരിക്കും പരിപാടിയുടെ സമാപനം.
കഴിഞ്ഞ മാസം 28ാം തീയതിയാണ് സ്വാശ്രയ വിഷയത്തിലെ അപാകതകളും അഴിമതിയും ചൂണ്ടിക്കാട്ടി യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി യു.ഡി.എഫ് എം.എല്‍.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും അനൂപ് ജേക്കബും നിയമസഭാ കവാടത്തിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. പിണറായി സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ഒപ്പുവെച്ച കരാര്‍ വന്‍കൊള്ളക്ക് വഴിവെച്ചെന്നാണ് പ്രതിപക്ഷം സഭയും പുറത്തും ആരോപിച്ചത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അനൂപ് ജേക്കബിനെയും ഏഴു ദിവസത്തിന് ശേഷം ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച മുതല്‍ വി.ടി ബലറാമും റോജി എം. ജോണും നിരാഹാര സമരം തുടരുകയായിരുന്നു. നിരാഹാരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എം. ഷാജി, പി. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല എന്നീ മുസ് ലിം ലീഗ് എം.എല്‍.എമാര്‍ ഉപവാസമനുഷ്ഠിച്ചിരുന്നു.