
ക്രൈം ഡെസ്‌ക്
കോട്ടയം: സെൽഫി ഭ്രമം വീണ്ടും കവർന്നത് ര്ണ്ട് യുവാക്കളുടെ ജീവൻ.വിനോദ സഞ്ചാര കേന്ദ്രമായ പറത്തോട് പഞ്ചായത്തിലെ ചേന്നാട് മാളിക വേങ്ങത്താനം അരുവി സന്ദർശിക്കാനെത്തിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് തലപ്പള്ളി പി എസ് അലിയാറിന്റെ മകൻ അജ്മൽ ഷാ (19), പൂഞ്ഞാർ മറ്റയ്ക്കാട് നരിപ്പാറ ഷരീഫിന്റെ മകൻ സാജിദ് (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 12 ഓടെ ആറംഗസംഘം ബൈക്കുകളുമായി മറ്റയ്ക്കാട്ട് നിന്നും വിനോദസഞ്ചാര കേന്ദ്രമായ വേങ്ങത്താനം അരുവിയിൽ എത്തുകയായിരുന്നു. 200 അടി താഴ്ചയുള്ള അരുവിയുടെ മുകൾ ഭാഗത്തുനിന്നും സെൽഫി എടുക്കുന്നതിനിടെ സാജിദിന്റെ കൈവശം ഇരുന്ന മൊബൈൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഇത് എടുക്കുവാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെടുകയും രക്ഷപ്പെടുത്തുന്നതിനായി അജ്മൽ കൂട്ടുകാരനായ പുളിക്കൽ അജിയും ശ്രമിക്കുന്നതിനിടെ സാജിദും അജ്മലും തട്ടുകളായികിടക്കുന്ന പാറക്കെട്ടുകളിൽ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇരുവരും കെട്ടിപുണർന്ന നിലയിൽ താഴേക്ക് പതിക്കുകയായിരുന്നു. എന്നാൽ അജി രക്ഷപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചെങ്കിലും വിജനമായ സ്ഥലമായതിനാൽ രണ്ടുകിലോമീറ്റർ ദൂരം വന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ഇരുവരുടേയും മൃതദേഹം കരയ്‌ക്കെടുക്കുകയായിരുന്നു. ഷക്കീലയാണ് അജ്മലിന്റെ മാതാവ്. അനീസ്, അൽഫിയ സഹോദരങ്ങൾ. ഐഷയാണ് സാജിദിന്റെ മാതാവ്. നൈഫുദ്ദീൻ, സാദിഖ് സഹോദരങ്ങളാണ്.
ഇരുവരുടേയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും