സ്വന്തം ലേഖകൻ
ആലപ്പുഴ: ഒരു ബസ് യാത്രയ്ക്കിടെയാണ് ജോസ് എന്ന ആ ‘പാവം പിതാവിനെ’ മാധ്യമ പ്രവർത്തകനായ അരുൺ ബി.എൽ കോളിയൂർ പരിചയപ്പെട്ടത്. മരണം കാത്തു നിൽക്കുന്ന ആ പിഞ്ചു കുഞ്ഞിന്റെ കണ്ണുനിറയ്ക്കുന്ന അവസ്ഥ കേട്ടതും മാധ്യമപ്രവർത്തകനായ അരുണിന്റെ കണ്ണു നിറഞ്ഞു. ജോസിന്റെ മകളുടെ അവസ്ഥയിൽ സഹതാപം തോന്നിയ അരുൺ, ജോസിന്റെ അക്കൗണ്ട് നമ്പർ സഹിതം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. ആയിരക്കണക്കിനു മാധ്യമപ്രവർത്തകരും സുഹൃത്തുക്കളുമുള്ള അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു വൻ റീച്ചാണ് ലഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ജോസിന്റെ അക്കൗണ്ടിൽ നിമിഷങ്ങൾക്കകം പണം കുമിഞ്ഞു കൂടി. പിറ്റേന്ന് ജോസ് അരുണിനെ വിളിച്ചു, നന്ദി പറയാൻ.. പിന്നെ പതിവു പോലെ മകളുടെ ശസ്ത്രക്രിയ കഴിഞ്ഞെന്നും ഒരായിരം നന്ദിയുണ്ടെന്നും ജോസിന്റെ പതിവ് ഡയലോഗ്. എല്ലാം കേട്ട് ഹൃദയം നിറഞ്ഞ് ആ മാധ്യമപ്രവർത്തകനും.
മലയാള മനോരമയുടെ സീനിയർ റിപ്പോർട്ടർ അരുൺ ബി.എൽ കോളിയൂരിനാണ് അബദ്ധം പിണഞ്ഞത്. പെട്ടന്നായിരുന്നു കഥയിൽ ട്വിസ്റ്റ് സംഭവിച്ചത്. ഓലക്കുടിലിൽ താമസിക്കുന്ന ആ കുടുംബത്തെ സഹായിക്കാൻ ആത്മാർഥമായി ആഗ്രഹിച്ച ചില വ്യക്തികൾ നേരെ ജോസിന്റെ നാട്ടിലെത്തി. നാട്ടിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു, അടിച്ചു ഫിറ്റായി ഷാപ്പിൽ നിന്നും ഇറങ്ങി വരുന്ന ജോസ്.
കുട്ടിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ഏതു കുട്ടിയെന്നായി ജോസ്. അപ്പോഴാണ് നാട്ടുകാരായ ചിലരോട് വന്നവർ വിവരമാരായുന്നത്. ജോസ് ആളു തരികിടയാണെന്നും ഇതേ കാര്യം പറഞ്ഞ് പലരുടെ കൈയിൽനിന്നും പണം തട്ടിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് ഇപ്പോൾ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തട്ടിപ്പുകാരനെ പിടിക്കാൻ പ്രാദേശികമായി പൊതുപ്രവർത്തകർ ഇപ്പോൾ സംഘടിച്ചിട്ടുണ്ട്. അരുൺ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. മനസിന്റെ നൻമകൊണ്ട് മാത്രം അരുൺ ഈ കള്ളക്കഥയിൽ വീണുപോയതാണ്. നേരിട്ടും അല്ലാതെയും ആ പോസ്റ്റ് ഷെയർ ചെയ്തവർ വേഗം ഡിലീറ്റ് ചെയ്യണമെന്ന അഭ്യർഥനയാണ് അരുൺ നടത്തുന്നത്.