സ്വന്തം ലേഖകൻ
ന്യുഡൽഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും ടി.പി സെൻകുമാറിനെ മാറ്റിയ സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി വിധി. ടി.പി സെൻകുമാറിനെ തിരികെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്കു തിരികെ എത്തിക്കണമെന്നു സുപ്രീം കോടതി വിധിച്ചു.
ഇടതു മുന്നണി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ വിവിധ കേസുകളിലെ വീഴ്ച ചൂണ്ടിക്കാട്ടി ടി.പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു നീക്കിയിരുന്നു. ജിഷ കേസിലും, കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു നീക്കിയത്. ഇതിനു ശേഷം സംസ്ഥാന പൊലീസ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയെ നിയോഗിക്കുകയും ചെയ്തു.
തുടർന്നാണ് സെൻകുമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതിയുമായി പോകുകയായിരുന്നു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് തള്ളിയെങ്കിലും ഇതിനെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നു സർക്കാരിനു അനുകൂലമായ വിധിയാണ് ഉണ്ടായത്. ഇതേ തുടർന്നാണ് സെൻകുമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ സുപ്രീം കോടതി കേസ് പരിഗണിച്ചു സർക്കാരിനു എതിരായി വിധി പ്രഖ്യാപിക്കുകയായിരുന്നു.