തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും പരോക്ഷ മറുപടി നല്‍കി ടിപി സെന്‍കുമാര്‍. പോലീസിന് ഉപദേശിയെ വേണ്ടെന്നും സംസ്ഥാന പോലീസ് സര്‍വ്വീസില്‍ താനാണ് സീനിയറെന്ന് കൂടി മാധ്യമങ്ങളോട് വ്യക്തമാക്കിയാണ് സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചശേഷമാണ് താന്‍ അധികാരമേറ്റതെന്നു പറഞ്ഞ സെന്‍കുമാര്‍ വിവാദവിഷയങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തയാറായില്ല. നിയമപരമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്ന നിലപാടണ് അദ്ദേഹം സ്വീകരിച്ചത്.
ജനങ്ങള്‍ക്കും സര്‍ക്കാരിനും നല്ലതുമാത്രമേ ചെയ്യൂ എന്നു പറഞ്ഞുകൊണ്ടായിരുന്നു അധികാരമേറ്റ ശേഷം പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാധ്യമങ്ങളെ കണ്ടത്. മുന്‍ മേധാവി ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ്‌സിങ്, പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി, ഐജി മനോജ് ഏബ്രഹാം എന്നിവരും സെന്‍കുമാറിനൊപ്പമുണ്ടായിരുന്നു.
അതേസമയം, രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേഷ്ടാവാക്കിയ സംഭവത്തില്‍ ശക്തമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംസംസ്ഥാനത്തുപൊലീസിന് ഉപദേഷ്ടാവില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കട്ടെയെന്നുമാണ് സെന്‍കുമാര്‍ വ്യക്തമാക്കിയത്.
മുന്‍ സംസ്ഥാന പൊലീസ് മേധാവിയായിരുന്നെങ്കിലും രമണ്‍ ശ്രീവാസ്തവയെ താന്‍ അനുസരിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് സെന്‍കുമാര്‍ നല്‍കിയത്. രമണ്‍ ശ്രീവാസ്തവയുടെ ഉപദേശങ്ങള്‍ തന്നെപ്പോലെ സീനിയര്‍ ആയ ഓഫീസര്‍മാര്‍ ഉള്ളപ്പോള്‍ വേണ്ട എന്നുതന്നെയാണു വരികള്‍ക്കിടയിലൂടെ സെന്‍കുമാര്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ സംസാരിച്ചശേഷമാണ് അധികാരമേല്‍ക്കാന്‍ പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി തിരിച്ചെത്തിക്കഴിഞ്ഞ് അദ്ദേഹത്തെ പോയി കാണും. പൊലീസിന് എല്ലായ്‌പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല. റോഡ് അപകടങ്ങള്‍ ചെറുക്കുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായിരിക്കും പ്രധാന ശ്രദ്ധയെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. നിയമപ്രശ്‌നങ്ങളെക്കുറിച്ചു ഈ സാഹചര്യത്തില്‍ പ്രതരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.