ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പത്തഞ്ചുകാരി. സ്‌നാപ്പ്ചാറ്റില്‍ ‘ 20 ആഴ്ചകള്‍’ എന്ന ക്യാപ്ഷനോടെ ഒരു സെല്‍ഫി താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ഇടയില്‍ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വാര്‍ത്ത സ്ഥിരീകരിച്ച് അവരുടെ വക്താവ് എത്തിയത്. തനിക്കിപ്പോള്‍ അഞ്ച് മാസം തികഞ്ഞുവെന്നാണ് സറീന സ്ഥിരീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കണക്ക് കൂട്ടുമ്പോള്‍ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുമ്പോള്‍ താരം രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് വെളിപ്പെടുന്നത്.
ഫൈനല്‍ മത്സരത്തില്‍ 82 മിനുറ്റുകളില്‍ 64, 64 ന് തന്റെ സഹോദരിയായ വീനസിനെയായിരുന്നു സറീന പരാജയപ്പെടുത്തിയത്. 35കാരിയായ സറീനയുടെ എന്‍ഗേജ്‌മെന്റ് 33കാരനും റെഡിറ്റ് കോഫൗണ്ടറുമായ അലെക്‌സിസ് ഓഹാനിയനുമായി കഴിഞ്ഞിരിക്കുകയാണ്. കാമുകന്‍ സറീനയെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
താരം ഗര്‍ഭിണിയാണെന്ന കാര്യം ഇവരുടെ പ്രതിനിധിയായ കെല്ലി ബുഷ് നോവാക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രിയ സറീന അമ്മയാകാന്‍ പോകുന്ന വിവരമറിഞ്ഞ് ആരാധകര്‍ ആവേശത്തിമര്‍പ്പിലാണ്. യുഎസ് ടെന്നീസ് അസോസിയേഷന്‍ അവരെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി തന്റെ വയര്‍ പ്രദര്‍പ്പിക്കുന്ന ഫോട്ടോകള്‍ സറീന ഇന്നലെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫോണ്‍ പിടിച്ച് കണ്ണാടിക്ക് നേരെ നിന്ന് ഫോട്ടോയെടുക്കുന്ന ചിത്രം ഇതിന്റെ ഭാഗമായി അവര്‍ പുറത്ത് വിട്ടിരുന്നു.
തന്റെ ഭാവിവരനായ അലക്‌സിസുമൊത്തുള്ള വെക്കേഷന്‍ ട്രിപ്പിന്റെ വീഡിയോകളും സറീന പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലമുകളില്‍ നിന്നുമുള്ള ദൃശ്യങ്ങളും പുരാതന സ്മാരകത്തിന്റെ വിഷ്വലുകളും സറീന പുറത്ത് വിട്ടിരുന്നു.. തന്റെ സ്റ്റഫ്ഡ് മങ്കിയായ മാക്‌സ് തന്റെ ഹോട്ടല്‍ ബെഡില്‍ ഇരിക്കുന്ന കൗതുകകരമായ ചിത്രവും താരം പുറത്ത് വിട്ടിരുന്നു. വെക്കേഷന്‍ ട്രിപ്പിനിടെ അലക്‌സിസ് സറീനയെ പ്രണയപൂര്‍വം വാരിയെടുത്തുയര്‍ത്തിയ ഒരു ചിത്രം ശ്രദ്ധേയമാണ്. ഇതിപ്പോള്‍ വൈറലാകുന്നുമുണ്ട്. ന്യൂസിലാന്‍ഡില്‍ വച്ചെടുത്തതാണീ ചിത്രം. കാമുകന്‍ എടുത്തുയര്‍ത്തിയപ്പോള്‍ വസ്ത്രങ്ങള്‍ തെന്നിമാറി ഇതില്‍ സറീനയുടെ കാലുകള്‍ വ്യക്തമായി കാണുന്നുണ്ട്.
ഡിസംബറിലായിരുന്നു അലക്‌സിസ് സറീനയെ പ്രൊപ്പോസ് ചെയ്തത്. ജനുവരി അവസാനമായിരുന്നു ഇവരുടെ എന്‍ഗേജ് മെന്റ്. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സറീന ഇന്ത്യന്‍ വെല്‍സ്, മിയാമി എന്നിവിടങ്ങളിലെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാതെ വിട്ട് നിന്നിരുന്നു. ഇത്തരത്തില്‍ ഇവര്‍ വിട്ട് നിന്നത് മൂലം ലോക റാങ്കിംഗില്‍ താരം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ കാരണമായിരുന്നു. എന്നാല്‍ തന്റെ ടോപ്പ് സ്‌പോട്ട് ജര്‍മനിയിലെ ഏന്‍ജെലിക്യൂ കെര്‍ബറില്‍ നിന്നും തിങ്കളാഴ്ച അവര്‍ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.