സ്‌പോട്‌സ് ഡെസ്‌ക്
ലോസ് ആഞ്ചലസ്: ഫ്രഞ്ച് ഓപൺ ഫൈനലിൽ മുഗുരുസയോട് അടിയറവ് പറഞ്ഞെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ സെറീന വില്യംസിന് നേട്ടം. പ്രതിവർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിതാ താരമെന്ന മരിയ ഷറപോവയുടെ റെക്കോഡാണ് സെറീന മറികടന്നത്. ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായതിനെ തുടർന്ന് വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് 11 വർഷമായി ഷറപോവ നിലനിർത്തിയിരുന്ന ഒന്നാം സ്ഥാനം നഷ്ടമായത്. ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ സെറീനയുടെ വരുമാനം 192.98 കോടിയാണ്. എന്നാൽ, ഈ കാലഘട്ടത്തിൽ ഷറപോവക്ക് സമ്പാദിക്കാനായത് 146.23 കോടി മാത്രം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46 കോടിയുടെ കുറവാണ് ഷറപോവയുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. മത്സരങ്ങളും വിജയങ്ങളും കുറവായിരുന്നുവെങ്കിലും പരസ്യവരുമാനമാണ് ഷറപോവയെ ഒന്നാം സ്ഥാനത്ത് നിലനിർത്തിയിരുന്നത്. എന്നാൽ, ഉത്തേജക വിവാദത്തെ തുടർന്ന് പല പ്രമുഖ കമ്പനികളും ഷറപോവയുമായുള്ള കരാർ അവസാനിപ്പിച്ചു. 95 കോടി സമ്പാദിച്ച അമേരിക്കൻ മാർഷ്യൽ ആർട്‌സ് താരം റോണ്ട റൂസിയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, സമ്മാനത്തുകയുടെ കാര്യത്തിൽ സെറീനയുടെ ഏഴയലത്തുപോലും ഒരു വനിതാ താരം ഇല്ല. കരിയറിലുടനീളം 518 കോടിയാണ് സെറീന സമ്മാനത്തുകയായി സ്വീകരിച്ചത്.