
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകനെതിരെ ഗുരുതര അഴിമതി ആരോപണം. അമിത് ഷായുടെ മകൻ ജയ് ഷായുടെ രണ്ടു കമ്പനികളുടെ വിറ്റുവരവിൽ അഭൂതപൂർവമായ വളർച്ചയുണ്ടായെന്നാണ് ആരോപണം. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം ജയ് ഷായുടെ കമ്പനികളുടെ വിറ്റുവരവ് 16,000 മടങ്ങ് വർധിച്ചതായി ദി വയ്ർ റിപ്പോർട്ട് ചെയ്തു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനാവുകയും ചെയ്ത അതേ കാലത്താണ് ടെപിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനിക്ക് ഈ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കുന്നു.
രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും യഥാക്രമം 6230, 1724 രൂപയുടേയും നഷ്ടമാണ് ടെംപിള്‍ എന്റര്‍പ്രൈസസ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ജെയ് ഷായുടെ കമ്പനി പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു. 2014-15 വര്‍ഷത്തില്‍ 50000 രൂപ വരുമാനവും 18,728 രൂപ ലാഭവും കാണിച്ച കമ്പനിയുടെ വിറ്റുവരവ് 2015-16ല്‍ 80.5 കോടിയായി മാറി. അതായത് ശതമാനക്കണക്കില്‍ നോക്കിയാല്‍ വരുമാനത്തിലുണ്ടായ വര്‍ധന 16 ലക്ഷം മടടങ്ങ്. രണ്ട് ലക്ഷം രൂപ മാത്രമാണ് ഈ കമ്പനിയുടെ ആസ്തി.
രാജേഷ് ഖാണ്ട്‌വാല എന്നയാളുടെ ധനകാര്യ സ്ഥാപനത്തില്‍(KIFS) നിന്നും ലഭിച്ച 15.78 കോടി രൂപയുടെ വായ്പയാണ് ഈ കുതിച്ചുചാട്ടത്തിന് ടെംപിള്‍ എന്റര്‍പ്രൈസസിന് ഒരു ഇന്ധനമായത്. അതേസമയം കെഐഎഫ്എസിന്റെ കണക്കുകളില്‍ ജെയ് ഷായുടെ കമ്പനിക്ക് ഏഴ് കോടി രൂപ മാത്രമാണ് വായ്പയായി നല്‍കിയതായി കാണിച്ചിട്ടുള്ളത്. ബിജെപിയുടെ രാജ്യസഭാ എംപിയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ തലപ്പത്തെ പ്രധാനിയുമായ പരിമള്‍ നത്‌വാനിയുടെ അടുത്ത ബന്ധുവാണ് രാജേഷ് ഖാണ്ട്‌വാല. ഖാണ്ട്‌വാലയുടെ മകളെയാണ് പരിമള്‍ നത്‌വാനിയുടെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഈ റിലയന്‍സ് ബന്ധവും വായ്പാ രൂപത്തില്‍ വന്ന കോടികളും ജെയ് ഷായുടെ കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ ദുരൂഹമാക്കുന്നു. ജാര്‍ഖണ്ഡില്‍ നിന്നും സ്വതന്ത്ര രാജ്യസഭാ എംപിയായി 2008ല്‍ പരിമള്‍ നതവാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ല്‍ നതവാനി ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എമാരുടെ പിന്തുണയിലാണ് രണ്ടാം വട്ടം രാജ്യസഭയില്‍ എത്തിയത്. ഗുജറാത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേല്‍നോട്ട ചുമതലയും പരിമള്‍ നതവാനിക്കാണ്.
ഇത് സംബന്ധിച്ച ദ വെയ്റിന്‍റെ ചോദ്യങ്ങള്‍ക്ക് ജയ് ഷായുടെ അഭിഭാഷകന്‍ നല്‍കിയ മറുപടി ഇങ്ങനെ’ജയ് ഷായുടെ കുടുംബത്തിന്റെ ഷെയര്‍ ബ്രോക്കറായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് രാജേഷ് ഖാണ്ട്‌വാല. അദ്ദേഹത്തിന് കീഴിലെ ബാങ്കിതര പണമിടപാട് സ്ഥാപനമായ കെഐഎഫ്എസ് നേരത്തെയും ജയ് ഷായുടെ കമ്പനിക്ക് വായ്പ നല്‍കിയിട്ടുണ്ട്. രാജേഷ് ഖാണ്ഡ്‌വാലയും നത്‌വാനിയും തമ്മില്‍ ബന്ധമുണ്ടാകുന്നതിന് മുമ്പുതന്നെ ജയ് ഷാക്ക് രാജേഷ് ഖാണ്ഡ്‌വാലയുമായി ബന്ധമുണ്ട്’.എന്നാൽ വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ബിജെപി അറിയിച്ചു. ജയ് ഷായുടെ കമ്പനി നടത്തിയ എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. നിയമപരമായ ഇടപാടുകളാണ് നടന്നിരിക്കുന്നത്. 80 കോടി വിറ്റുവരവ് എന്നത് ബിസിനസിൽ വലിയ കാര്യമല്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു. വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ 1000 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുമെന്ന് ജയ് ഷാ പറഞ്ഞു.