ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വിവിധതരം വാഹനങ്ങള്‍ക്ക് ഇന്‍ഫ്രാ സ്ട്രക്ചര്‍ സെസ് ഏര്‍പ്പെടുത്തി. എസ്.യു.വി, സെഡാന്‍ അടക്കമുള്ള വലിപ്പമേറിയ ഡീസല്‍ വാഹനങ്ങള്‍ക്ക് 4 ശതമാനം സെസ് ചുമത്തിയേക്കും. ഡീസല്‍ വാഹനങ്ങള്‍ക്കാണ് കൂടുതല്‍ വില വര്‍ധനവ്. നാല് മീറ്ററില്‍ താഴെ നീളവും 1200 സി.സിയില്‍ താഴെയുള്ള എന്‍ജിനുമുള്ള പെട്രോള്‍/എല്‍.പി.ജി/സി.എന്‍.ജി വാഹനങ്ങള്‍ക്ക് ഒരു ശതമാനവും നാല് മീറ്ററില്‍ താഴെ നീളവും 1500 സി.സിയില്‍ താഴെയുള്ള എന്‍ജിനുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് 2.5 ശതമാനമാണ് സെസ്.
10 ലക്ഷത്തിലധികം വിലയുള്ള ആഡംബര കാറുകള്‍ വാങ്ങുന്നവര്‍ ഇന്‍ഫ്രാ സെസ്സിന് പുറമെ ഒരു ശതമാനം സര്‍വീസ് ചാര്‍ജും നല്‍കേണ്ടിവരും. പത്ത് ലക്ഷത്തില്‍താഴെ വിലയുള്ള യാത്രാവാഹനങ്ങളുടെ വില 3000 മുതല്‍ 40,000 രൂപവരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര കാറുകളുടെ വില മൂന്ന് ലക്ഷംവരെ വര്‍ധിച്ചേക്കാം. ഭിന്നശേഷിയുള്ളവര്‍മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സ് അടക്കമുള്ളവയ്ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് ലഭിക്കും.