കൊച്ചി: ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . ഇവരോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഇവരെ അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പല തവണ മാറ്റിവച്ച ശേഷമാണ് ഹൈക്കോടതി ഇന്ന് ഇവരുടെ കേസിൽ വിധിപ്രസ്താവന നടത്തിയിരിക്കുന്നത്. സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. മനപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെസിയുടെ മുൻകൂർ ജാമ്യഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇവർ ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ എത്തിയിരുന്നെങ്കിലും ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയതു വ്യക്തമായതിനെ തുടർന്ന് കോടതി വളപ്പിൽ നിന്നു പൊലീസിന്റെ കണ്ണു വെട്ടിച്ചു മുങ്ങിയിരുന്നു.ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അതോറിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.