ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വേതന വ്യവസ്ഥ പുനഃപരിശോധിക്കുന്ന ഏഴാം ശമ്പള കമ്മിഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുള്ളതായി സൂചന. 30% വരെയോ അതിലധികമോ ശമ്പള വര്‍ധനവിന് ശുപാര്‍ശ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വീട്ടുവാടക അലവന്‍സ് 10% മുതല്‍ 30% വരെ വര്‍ധിക്കും. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ ഇന്‍ക്രിമെന്റ് ലഭിക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ മോശം പെര്‍ഫോമന്‍സ് നടത്തുന്നവരെ 30 വര്‍ഷത്തെ സേവനമോ 55ാം വയസിലോ കണക്കിലെടുത്ത് സ്വയം വിരമിക്കല്‍ നല്‍കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
2016 ജനുവരി ഒന്നു മുതല്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരും. 2014ല്‍ യു.പി.എ സര്‍ക്കാരാണ് ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായ ശമ്പള കമ്മിഷനെ നിയമിച്ചത്. മുന്‍ ഐഎഎസ് ഓഫീസര്‍ വിവേക് റേ, സാമ്പത്തിക വിദഗ്ധന്‍ രധിന്‍ റോയ്, കമ്മിഷന്‍ സെക്രട്ടറി മീണ അഗര്‍വാള്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍.