സ്വന്തം ലേഖകൻ
ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എട്ടു വയസ്സുകാർക്ക് വേണ്ടി നോർവേയിലെ ദേശീയ ടെലിവഷൻ അവതരിപ്പിച്ച ടെലിവിഷൻ പരമ്പര വിവാദമായി മാറുന്നു. ലൈംഗികത പച്ചയ്ക്ക് പറയുന്ന ഗ്രാഫിക് ദൃശ്യങ്ങളോടു കൂടിയ വീഡിയോയ്‌ക്കെതിരേ അനേകം മാതാപിതാക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എട്ടിനും 12 നും ഇടയിൽ പ്രായക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് ‘ന്യൂട്ടൻ’ എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകാൻ എത്തുന്ന ലിൻ യാൻസ്രൂഡ് എന്ന ഡോക്ടറുടെ വിവരണവും ദൃശ്യങ്ങളും മാതാപിതാക്കൾക്ക് തീരെ പിടിക്കാതായിരിക്കുകയാണ്.
പരിപാടിയിൽ ലിൻ ചർച്ച ചെയ്യുന്നത് ഫ്രഞ്ച് കിസ് മുതൽ പങ്കാളിയെ എങ്ങിനെ ഉത്തേജിപ്പിക്കാമെന്നും രണ്ടുപേർക്കും എങ്ങിനെ ആനന്ദം അനുഭവിക്കാമെന്നും സ്വയം എങ്ങിനെ നിർവൃതി അടയാമെന്നും അതിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളും ഉണ്ട്. ഇതിനൊപ്പം ഇതിന്റെയെല്ലാം ഗ്രാഫിക് ദൃശ്യങ്ങളോടെയുള്ള ഡെമോൺസ്‌ട്രേഷനും ഉണ്ട്. തക്കാളിക്ക ഉപയോഗിച്ച് ഫ്രഞ്ച് കിസ് പഠിപ്പിക്കുന്ന ലിൻ ലൈംഗികത വെളിപ്പെടുത്താൻ പൂർണ്ണ നഗ്‌നരായ ഒറിജിനൽ മോഡലുകളെയും പ്രവർത്തിക്കുന്നത് എങ്ങിനെ എന്ന് കാണിക്കാൻ സ്ത്രീ പുരുഷ രഹസ്യാവയവങ്ങളുടെ പ്രതിരൂപങ്ങളെ വരെയും ഉപയോഗിച്ചിട്ടുണ്ട്.
കുട്ടികൾക്ക് വേണ്ടിയുള്ള വീഡിയോയ്‌ക്കെതിരേ ഇതിനകം അനേകം മാതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഗ്രാഫിക് ദൃശ്യങ്ങളാണ് പലരെയും അതൃപ്തരാക്കിയിരിക്കുന്നത്. പാവയുമായി കളിച്ചു നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന പ്രായത്തിൽ ഗൗരവതരമായി ചിന്തകൾ കുത്തിവെയ്ക്കുന്നു എന്ന ആരോപണവും ചിലർ ഉയർത്തി. അതേസമയം ലിന്നിന്റെ വിദ്യാഭ്യാസത്തെ അനുകൂലിച്ചും മാതാപിതാക്കൾ രംഗത്തുണ്ട്. കുട്ടികളെ ഇക്കാര്യം ശാസ്ത്രീയമായി പരിചയപ്പെടുത്തുക എന്ന ഭാരിച്ച ജോലിയിൽ നിന്നും മാതാപിതാക്കൾ രക്ഷപ്പെടുമെന്നാണ് ഒരാൾ പ്രതികരിച്ചത്.