മുംബൈ: ഓറല്‍ സെക്‌സും ലിപ് ലോ്ക്ക് ചുംബനവും ക്യാന്‍സറിനു കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. ചുംബിക്കുന്നത് പുക വലിക്കുന്നതിനേക്കാള്‍ ഹാനികരമാണെന്നാണ് റിപ്പോര്‍ട്ട്. ലിപ് ലോക് ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെയില്‍ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ചുംബനത്തിലൂടെ പടരുന്ന ഹ്യൂമന്‍ പാപിലോമ വൈറസ് (എച്ച്പിവി) ആണ് മനുഷ്യരില്‍ അസുഖമുണ്ടാക്കുന്നത്. ഓറല്‍ സെക്‌സിലൂടെയും ഫ്രഞ്ച് കിസിങ്ങിലൂടെയുമാണ് ഓറല്‍ എച്ച്പിവി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. കണ്ഠനാളത്തില്‍ എച്ച്പിവി ബാധിച്ച വ്യക്തിക്ക് കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ ഇരുന്നൂറ്റിയമ്പത് മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനെ ബാധിക്കുന്ന ഇത്തരം കാന്‍സര്‍ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഈ വൈറസിന്റെ നൂറോളം തരം ഉണ്ടെന്നും എന്നാല്‍ അവയില്‍ എട്ട് തരത്തിലുള്ളവയാണ് കൂടുതല്‍ അപകടകാരികളെന്നും ആസ്‌ട്രേലിയന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ ഡോ. മഹിബാന്‍ തോമസ് പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍ക്ക് പോലും എച്ച്പിവി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവ പങ്കാളികള്‍ എത്ര തവണ ഫ്രഞ്ച് കിസിങ്ങില്‍ ഏര്‍പ്പെടുന്നു എന്നതിനെ അനുസരിച്ചിരിക്കുമെന്നും തോമസ് വെളിപ്പെടുത്തി.