മൊബൈല്‍ ഫോണിലൂടെ സൗഹൃദം നടിച്ച്‌ വലയിലാക്കി രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു

അടൂര്‍: മൊബൈല്‍ ഫോണ്‍ വഴി സൗഹൃദം നടിച്ചു വലയിലാക്കി രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ എട്ടു യുവാക്കള്‍ അറസ്‌റ്റില്‍. കടമ്പനാട്‌, കൊല്ലം ജില്ലയിലെ ആദിനാട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണു പീഡനത്തിനിരയായത്‌.

സംഭവത്തില്‍ കരുനാഗപ്പള്ളി ആലപ്പാട്‌ ഉദയപുരത്ത്‌ വിഷ്‌ണു (20), ക്ലാപ്പന തെക്കുമുറിയില്‍ കരോളിമുക്ക്‌ ഹരിശ്രീയില്‍ ഹരിലാല്‍ (20), ക്ലാപ്പന എമ്പട്ടാഴി തറയില്‍ പുരയ്‌ക്കല്‍ ശ്യാംരാജ്‌ (20), ഓച്ചിറ പായിക്കഴി പുത്തന്‍പുരക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരെയാണു കടമ്പനാട്‌ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. ശൂരനാട്‌ കുലശേഖരപുരം വള്ളിക്കാവ്‌ രാജ ഭവനില്‍ രാജ്‌കുമാര്‍ (24), കുലശേഖരപുരം പുത്തന്‍തെരുവില്‍ വെളിപടിഞ്ഞാറ്റതില്‍ നസിം (18), കുലശേഖരപുരം പുളിതറയില്‍ രതീഷ്‌ (29), വവ്വാക്കാവ്‌ ഉദയപുരം ശരത്‌ (20) എന്നിവരാണ്‌ ആദിനാടുള്ള പെണ്‍കുട്ടിയെ ചതിയില്‍ വീഴ്‌ത്തിയത്‌. കഴിഞ്ഞ നാല്‌, അഞ്ച്‌ തീയതികളിലാണ്‌ കേസിനാസ്‌പദമായ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണു വിവരം പുറത്തറിഞ്ഞത്‌. അധ്യാപകര്‍തന്നെ സംഭവം പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടികളില്‍നിന്ന്‌ മൊഴിയെടുത്ത ശേഷമാണ്‌ എട്ടുപേരെ ഏനാത്ത്‌, ശൂരനാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പീഡിപ്പിക്കപ്പെട്ടവരില്‍ ദളിത്‌ പെണ്‍കുട്ടിയും ഉള്‍പ്പെടും. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലാണിവര്‍ പഠിക്കുന്നത്‌.
വള്ളിക്കാവ്‌ ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണു ഡിസംബര്‍ നാലിനു വിഷ്‌ണു കടമ്പനാടു സ്വദേശിയായ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി അഴീക്കലെ വീട്ടില്‍ കൊണ്ടുപോയത്‌. പിറ്റേന്ന്‌ ആദിനാട്‌ സ്വദേശിയുടെ വീട്ടില്‍ പരിചയക്കാരനായ ശരത്‌ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പത്തിലായിരുന്ന വിഷ്‌ണുവാണു രണ്ടു പെണ്‍കുട്ടികളെയും മൊബൈല്‍ ഫോണ്‍ വഴി ചതിയില്‍ വീഴ്‌ത്തിയത്‌. ആദ്യ ദിവസം രണ്ടു പെണ്‍കുട്ടികളെയും സൗഹൃദം നടിച്ച്‌ വീട്ടില്‍ കൊണ്ടുപോയി. ഒരു പെണ്‍കുട്ടി ചതി തിരിച്ചറിഞ്ഞ്‌ രക്ഷപ്പെട്ടു.
ആദ്യത്തെ ദിവസം വിഷ്‌ണുവുമായി പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ആ കുട്ടിയെ
തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന്‌ കൂട്ടിക്കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

കൂട്ടുകാരിയെ കൊണ്ടുവരാന്‍ തന്ത്രവും ഉപദേശിച്ചു. ചതിയില്‍പെട്ടെന്നും അതിനാല്‍ ഒരു കൗണ്‍സിലിങിന്‌ പോകാന്‍ കൂടെ വരണമെന്നും പറഞ്ഞു വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ച്‌ രണ്ടാമത്തെ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചു. ചുരിദാറിന്റെ ഷാള്‍കൊണ്ട്‌ കൈകാലുകള്‍ ബന്ധിച്ച ശേഷമാണു പീഡിപ്പിച്ചതെന്ന്‌ ആദ്യദിവസം പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഈ പെണ്‍കുട്ടിയെ രണ്ടാം ദിവസവും പീഡനത്തിനിരയാക്കി. ഇതേ പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ പണം നല്‍കി മറ്റു മൂന്നു പെണ്‍കുട്ടികളെ കൂടി വലയില്‍ വീഴ്‌ത്താനായിരുന്നു നീക്കം. തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ രണ്ട്‌ പെണ്‍കുട്ടികള്‍ വാങ്ങിയതായി ഈ മൂന്നു പെണ്‍കുട്ടികള്‍ അധ്യാപികമാരോട്‌ പറഞ്ഞു. അധ്യാപകര്‍ പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളെയും വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും അധ്യാപികമാര്‍ നിലപാട്‌ കടുപ്പിച്ചതോടെ എല്ലാം പുറത്തായി. ഉടന്‍തന്നെ സ്‌കൂളില്‍ നിന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട്‌ വിവരം പോലീസിലറിയിച്ചു. രണ്ട്‌ ദിവസം സ്‌കൂളില്‍ കാണാതായതോടെ അധ്യാപകര്‍ ഇവരെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു.
കടമ്പനാടിന്‌ തൊട്ടടുത്തുള്ള കുന്നത്തൂരില്‍ ഉപജില്ലാ കലോത്സവത്തിന്‌ പോയതായിരുന്നുവെന്നാണ്‌ കുട്ടികള്‍ ആദ്യം പറഞ്ഞത്‌. അധ്യാപകരുടെ ചോദ്യം ചെയ്യലില്‍ സംഭവം വ്യക്‌തമായി. ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച്‌ പോലീസ്‌ പ്രത്യേകം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വീട്ടില്‍ പോകാന്‍ മടി കാണിച്ച പെണ്‍കുട്ടികള്‍ ഇപ്പോള്‍ മഹിളാ മന്ദിരത്തിലാണുള്ളത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു.

 

Top