ക്രൈം റിപ്പോർട്ടർ
പാലക്കാട്: നഗരത്തിൽ വീട് വാടകയ്‌ക്കെടുത്തു അനാശാസ്യ പ്രവർത്തനം നടത്തിയ സംഘത്തിനു ഇടനിലനിന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്നു സൂചന. പന്ത്രണ്ടു പേർ അടങ്ങുന്ന സംഘത്തെ അനാശാസ്യ പ്രവർത്തനത്തിനിടെ കഴിഞ്ഞ ദിവസമാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച പൊലീസ് സംഘത്തിനാണ് കേസിലെ ഉന്നത പൊലീസ് ബന്ധങ്ങൾ വ്യക്തമായത്.
പട്ടാമ്പി സ്വദേശി സേതുമാധവൻ (40), ഇടനിലക്കാരൻ വർക്കല സ്വദേശി സുബൈർ (43) എന്നിവരും തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ യുവതികളുമാണ് പിടിയിലായത്. കഴിഞ്ഞ രണ്ടു മാസമായി ഇവർ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടാനായിട്ടില്ലെന്നും പോലിസ് അറിയിച്ചു. ടൗൺ സൗത്ത് സി.ഐ പ്രമോദ്, സി.പി.ഒ രാജീവ്, സതീഷ്, വനിത സി.പി.ഒ ഷീല എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നു എസ്പി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്റെ പഴ്‌സണൽ ഔദ്യോഗിക ഫോൺ നമ്പരുകൾ പൊലീസിനു ലഭിച്ചിരുന്നു. സംഘത്തലവനായ ഇടപാടുകാരനൊപ്പം ഈ ഉദ്യോഗസ്ഥൻ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചു. മുൻപ് പാലക്കാട് ജില്ലയിൽ ഡിവൈഎസ്പിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ക്രമസമാധാന ചുമതലയിൽ നി്ന്നു മാറിയുള്ള മറ്റു വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്ന്ത്.
രണ്ടാമത്തെ സംഘത്തിലെ അഞ്ചുപേരെ പിടികൂടിയത് പുതുശ്ശേരി മരുതറോഡിലെ കെട്ടിടത്തിൽ നിന്നാണ്. ഇവർ മരുതറോഡ് പെട്രോൾ ബങ്കിന് സമീപം വീട് വാടകക്കെടുത്ത് ഒരുമാസക്കാലമായി അനാശാസ്യം നടത്തിവരുകയായിരുന്നു. കസബ പോലീസാണ് ഇവരെ പിടികൂടിയത്. മണ്ണാർക്കാട് സ്വദേശി മുരളീകൃഷ്ണൻ (52), സിജ (38), വടവന്നൂർ സ്വദേശി അനൂപ് (48), വടക്കഞ്ചേരി സ്വദേശി സുനിത (30), ഒലവക്കോട് സ്വദേശി ലതിക (55) എന്നിവരാണ് പിടിയിലായത്. 11,000 രൂപക്കാണ് കെട്ടിടം വാടകക്കെടുത്തിരുന്നത്. ആവശ്യക്കാരായി എത്തുന്നവർക്ക് ഭക്ഷണവും, മദ്യവും സൗജന്യമാണ്. ദിനം പ്രതി അപരിചിതരായ ആളുകൾ ഈ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലിസിൽ വിവരം നൽകിയത്. ഇവിടെ നിന്ന് 30,000 രൂപ, ആറ് മെബൈൽ ഫോൺ, വിദേശ മദ്യം, ഗർഭനിരോധ ഉറകൾ എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.