കൊല്‍ക്കത്ത: നോട്ടുകളുടെ നിരോധനം മൂലം വാണിജ്യ വ്യാപാര മേഖല സ്തംഭിക്കുമ്പോള്‍ ഈ അവസരം ഉപയോഗപ്പെടുത്തി ലക്ഷങ്ങള്‍ ഉണ്ടാക്കിയത് ചുവന്ന തെരുവുകളാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോട്ടുനിരോധനം കൊല്‍ക്കത്തയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളുടെ ‘വില’ കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 48 മണിക്കൂറിനകം കൊല്‍ക്കത്തയിലെ സെക്സ് വര്‍ക്കേഴ്സ് അമ്പതുലക്ഷം രൂപ സമ്പാദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നോട്ടുനിരോധനം വന്നതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ലാവിഷായി ചെലവഴിച്ച് ശരീര സുഖം തേടിയെത്തിയവരുടെ വന്‍തിരക്കാണ് ചുവന്നതെരുവുകളില്‍ അനുഭവപ്പെടുന്നത്.
നിരോധനം വകവയ്ക്കേണ്ടതില്ലെന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഇടപാടുകാരില്‍ നിന്ന് സ്വീകരിച്ചുകൊള്ളാനും ലൈംഗിക തൊഴിലാളികളുടെ സംഘടന തന്നെ നിര്‍ദ്ദേശം നല്‍കിയിരന്നു. ‘ഞങ്ങള്‍ പെണ്‍കുട്ടികളോട് അഞ്ഞൂറും ആയിരവുമെല്ലാം വാങ്ങിക്കോളാന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റമേഴ്സിന്റെ തിരക്കായിരുന്നു. മുന്നൂറും നാന്നൂറും രൂപയ്ക്കെല്ലാം ഇടപാട് നടത്തിയിരുന്ന പാവങ്ങള്‍ക്ക് അഞ്ഞൂറും ആയിരവുമെല്ലാം കിട്ടിത്തുടങ്ങി. പലര്‍ക്കും ഇതില്‍ക്കൂടുതലും കിട്ടി.
വന്‍തുകകള്‍ ശരീരവില്‍പനയ്ക്ക് പ്രതിഫലം വാങ്ങുന്നവര്‍ക്ക് പ്രശ്നമുണ്ടായിരുന്നില്ല. ചെറിയ തുകകള്‍ വാങ്ങുന്നവര്‍ക്കായിരുന്നു നോട്ടുനിരോധനം പ്രശ്നമായത്. പക്ഷേ, ബാങ്കില്‍ നിന്ന് ഉറപ്പുകിട്ടിയതോടെ അവര്‍ക്കും കോളടിച്ചു.’ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയില്‍ അംഗമായ ഭാരതി വ്യക്തമാക്കുന്നു.
വെസ്റ്റ് ബംഗാളിലെ ഒന്നേകാല്‍ ലക്ഷത്തിലേറെ ലൈംഗിക തൊഴിലാളികള്‍ അംഗമായ സംഘടനയാണ് മഹിളാ സമന്വയ. നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുമെന്ന് രണ്ടു ബാങ്കുകളില്‍ നിന്ന ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ശരീരസുഖം തേടിയെത്തുന്നവരില്‍ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വാങ്ങാന്‍ ഇവര്‍ തയ്യാറായത്.
ഈ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ കച്ചവടം നടക്കില്ലെന്നും കസ്റ്റമറെ നഷ്ടപ്പെടുമെന്നും ഭീതിയിലായിരുന്നു തങ്ങളെന്ന് ലൈംഗിക തൊഴിലാളികള്‍ പറയുന്നു. ഡര്‍ബാര്‍, ഉഷ ബാങ്കുകളില്‍ ഈ പണം സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രശ്നം തീര്‍ന്നതെന്ന് സെക്സ് വര്‍ക്കറായ രേഖ പറയുന്നു. ഇതോടെ സോനാഗച്ചി മേഖലയില്‍ നിന്ന് മാത്രം ഉഷാ ബാങ്കിലേക്ക് എത്തിയത് 55 ലക്ഷം രൂപയാണ്. രണ്ടുദിവസത്തെ മാത്രം സമ്പാദ്യമാണിതെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു. അന്നന്ന് കിട്ടുന്ന തുക ബാങ്കില്‍ കളക്ഷനായി എത്താറുണ്ട്
സാധാരണഗതിയില്‍ ഇത് അഞ്ചുലക്ഷത്തോളമെ വരാറുള്ളൂ. പക്ഷേ, ഇക്കഴിഞ്ഞ രണ്ടുദിവസം അമ്പതുലക്ഷത്തോളം അധികമായെത്തിയെന്ന് ലൈംഗിക തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഉഷ മള്‍ട്ടി പര്‍പസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ചവര്‍ ചേര്‍ന്ന് 2001ലാണ് ഈ ബാങ്ക് തുടങ്ങിയത്.
ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ നടത്തുന്ന സ്ഥാപനവുമാണിത്. അതേസമയം, സെക്സ് വര്‍ക്കേഴ്സില്‍ പലരും നോട്ടുനിരോധനം വന്നതോടെ കയ്യില്‍ സൂക്ഷിച്ചിരുന്ന കറന്‍സികൂടി ബാങ്കില്‍ നിക്ഷേപിച്ചിരിക്കാമെന്നും അതും ഈ നിക്ഷേപവര്‍ധനവിന് കാരണമായതെന്നും ബാങ്കിലെ സീനിയര്‍ ഒഫീഷ്യല്‍ ശന്തനു പറയുന്നു.