കൊട്ടിയൂരില്‍ പള്ളിയില്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. രണ്ട് കന്യാസ്ത്രീമാരുള്‍പെടെ മൂന്ന് പ്രതികളെ പൊലീസ് നാളെ അറസ്റ്റ് ചെയ്തേക്കും. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിനിയാണ് പ്രതി ചേര്‍ക്കപ്പെട്ട മൂന്നാമത്തെയാള്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം(പോസ്‌കോ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിചാരണ തീരുന്നതുവരെ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.
പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ അമ്മയുടെ അടുക്കല്‍ നിന്നും മാറ്റി. കുട്ടിക്ക് മുലപ്പാല്‍ പോലും നിഷേധിക്കപ്പെട്ടു. പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ കുഞ്ഞിനെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. വയനാട് ശിശുക്ഷേമസമിതിക്ക് വീഴ്ചപറ്റിയതായും ബാലാവകാശ കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പൊലീസ് കേസെടുത്ത കേന്ദ്രങ്ങളിലെല്ലാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് സ്വാധീനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നടപടികളും പൊലീസ് ഉടന്‍ തന്നെ സ്വീകരിക്കും.
16 വയസുകാരി പെണ്‍കുട്ടിയെ പ്രസവത്തിന് കൊണ്ടുവന്നിട്ടും പൊലീസില്‍ അറിയിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാതിരുന്ന സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ആശപത്രിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. സംഭവത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമസമിതിയുടെ കമ്പളക്കാട് ഓഫീസിലും പരിശോധനയും തെളിവെടുപ്പും നടത്തിയിരുന്നു. കൂടാതെ പേരാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ രണ്ട് സ്ഥാപനങ്ങളിലേയും ഓഫീസ് രേഖകളും പരിശോധിച്ചിരുന്നു.
നേരത്തെ, പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാന ഡിജിപിയും കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസാണ് നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ അറസ്റ്റിലായ റോബിന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ചൈല്‍ഡ്‌ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ണൂര്‍ ശിശുക്ഷേമ സമിതി കണ്ടെത്തിയത്. ഫാ. റോബിന്‍ കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൃശൂര്‍ പുതുക്കാട് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.